എന്റെ കേരളം പ്രദര്‍ശനവിപണന മേള; മാഗസിൻ മുഖചിത്രമാകാം; 360 ഡിഗ്രിയില്‍ വീഡിയോയും എടുക്കാം
1549011
Friday, May 9, 2025 12:08 AM IST
ആലപ്പുഴ: ഒരു മാഗസിന് മുഖചിത്രമാകാന്‍ ആര്‍ക്കാണാഗ്രഹമില്ലാത്തത്? അതും മലയാളി ഹൃദയത്തോട് എന്നെന്നും ചേര്‍ത്തുവയ്ക്കുന്ന സ്വന്തം നാടിന്റെ പേരിലുള്ള മാഗസിനായാലോ...? എങ്കില്‍ ആലപ്പുഴ ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശനവിപണന മേളയിലേക്ക് പോരൂ... വിവര പൊതുജന സമ്പർക്കവകുപ്പ് ഒരുക്കിയ പവലിയനിലാണ് സെല്‍ഫിക്കാലത്തെ പുതുരസങ്ങളായ മാഗസിന് മുഖചിത്ര ഫ്രെയിമും ത്രീ സിക്സ്റ്റി സെൽഫി വീഡിയോ സംവിധാനവുമുള്ളത്.
രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി 12 വരെയാണ് ബീച്ചില്‍ മേള നടക്കുന്നത്. പ്രദര്‍ശനനഗരിയുടെ കവാടത്തോട് ചേര്‍ന്നുള്ള പിആര്‍ഡിയുടെ പവലിയനിലെ ഫോട്ടോ പോയിന്റിലെത്തിയാൽ ഓരോരുത്തര്‍ക്കും മാഗസിൻ മുഖചിത്രമാകാൻ അവസരമൊരുക്കുന്ന ഫ്രെയിം കാണാം. ഇനി ഇഷ്ട പോസില്നിന്ന് പടമെടുക്കുകയേ വേണ്ടൂ...നിങ്ങളായി എന്റെ കേരളം കവര്‍ ചിത്രം.
എന്റെ കേരളം എന്ന ഹാഷ് ടാഗോടെ സാമൂഹിക മാധ്യമങ്ങളിൽ ചിത്രം അപ്ലോഡ് ചെയ്യാം. പവലിയന്റെ പ്രവേശന കവാടത്തിനു സമീപം തന്നെ ഒരുക്കിയിരിക്കുന്ന 360 ഡിഗ്രിയിൽ വീഡിയോ എടുക്കുന്നതിനുള്ള സംവിധാനവും ഒട്ടേറെ പേരെ ആകര്‍ഷിക്കുന്നുണ്ട്. സ്റ്റാന്‍ഡില്‍ കയറി ചെറുചിരിയോടെനിന്നാല് കാമറയും ലൈറ്റും 360 ഡിഗ്രിയില്‍ കറങ്ങി രസകരമായ വീഡിയോ സമ്മാനിക്കും.
സർക്കാരിന്റെ വികസന നേട്ടങ്ങളിലൂടെയുള്ള ഹ്രസ്വസഞ്ചാരമാണ് പിആർഡി പവലിയൻ. കഴിഞ്ഞ ഒൻപതുവർഷത്തിനുള്ളിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ ഫോട്ടോകളിലൂടെയും എൽഇഡി വോളുകളിലൂടെയും വിശദമായി കണ്ടു മനസിലാക്കാനുള്ള അവസരം സ്റ്റാളിലുണ്ട്. കേരളത്തിന്റെ വികസനങ്ങളുടെ വിവരങ്ങൾ, ചിത്രങ്ങൾ എന്നിവ ഒറ്റ ടച്ചിൽ കാണാൻ കഴിയുന്ന ഡിജിറ്റൽ ബുക്കിന്റെ മാതൃകയും അവതരിപ്പിച്ചിട്ടുണ്ട്. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നിങ്ങനെ രേഖപ്പെടുത്തിയിരിക്കുന്ന നേട്ടങ്ങളുടെ ക്യൂബും (റൊട്ടേറ്റ് ദ് ക്യൂബ്) ഇവിടെയുണ്ട്.
ഇവയിൽ ഏതിനെക്കുറിച്ചാണോ കൂടുതൽ അറിയേണ്ടത് ആ ഭാഗം അടിയിൽ വരത്തക്കവിധം സ്റ്റാൻഡിൽ ക്യൂബ് വച്ചാൽ അതേക്കുറിച്ചുള്ള ഹ്രസ്വ വീഡിയോ സ്ക്രീനിൽ തെളിയും. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധിപ്പേരാണ് വിജ്ഞാനവും വിനോദവും പകരുന്ന പവലിയന് സന്ദർശിച്ച് മടങ്ങുന്നത്.