സമ്പൂര്‍ണ കുടിവെള്ള പദ്ധതി: ടെന്‍ഡറിന് അംഗീകാരം
1548733
Wednesday, May 7, 2025 11:52 PM IST
ചെങ്ങന്നൂര്‍: സമ്പൂര്‍ണ കുടിവെള്ള പദ്ധതി ചെറിയനാട് തുരുത്തിമേല്‍ ഉപരിതല ജലസംഭരണി ഉള്‍പ്പെടുന്ന പദ്ധതിയുടെ ടെന്‍ഡറിന് അംഗീകാരം. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ചെങ്ങന്നൂര്‍ സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ആലാ, പുലിയൂര്, ബുധനൂര്‍, പാണ്ടനാട്, മുളക്കുഴ, വെണ്മണി, തിരുവന്‍വണ്ടൂര്‍ പഞ്ചായത്തുകളിലേക്കും ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയിലേക്കുമുള്ള 520 കോടി രൂപയുടെ ജലവിതരണ പദ്ധതിക്ക് സര്‍ക്കാര്‍ മുൻപുതന്നെ അനുമതി ലഭ്യമാക്കിയതനുസരിച്ച് വിവിധ പഞ്ചായത്തുകളില്‍ പൈപ്പ്ലൈൻ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള ജോലികള്‍ പുരോഗമിച്ചു വരുന്നു.
ചെറിയനാട്, പുലിയൂര്, ബുധനൂര്‍, പാണ്ടനാട് പഞ്ചായത്തുകളില്‍ ഉന്നതതല ജലസംഭരണികളും 213 കിലോമീറ്റർ പൈപ്പ് ലൈനും സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡറുക ള്‍ സര്‍ക്കാര്‍ അനുമതിക്ക് സമര്‍പ്പിച്ചിരുന്നു. ഇതില്‍ ചെറിയനാട് തുരുത്തിമേല്‍ നിര്‍മിക്കുന്ന 3.6 ലക്ഷം ലിറ്റര്‍ ഉപരിതല ജലസംഭരണിയും 250 എംഎംഡി എൻക്ലിയര് വാട്ടര്‍ പമ്പിംഗ് മെയിന്‍ തുരുത്തിമേല്‍ ടാങ്കിലേക്കുള്ള പ്രവൃത്തിയുടെ ടെന്‍ഡര്‍ അധിക നിരക്കിന് സര്‍ക്കാര്‍ അംഗീകാരം നല്കി.
ചെറിയനാട് പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലവിതരണം സാധ്യമാക്കുന്നതിന് തുരുത്തിമേല്‍ ഉപരിതല ജലസംഭരണിയുടെ നിര്‍മാണം അനിവാര്യമാണ്. പ്രവൃത്തി ഏറ്റെടുക്കാന്‍ ആരും തയാറാകാത്തതിനാല്‍ പദ്ധതി നഷ്ടപ്പെടുമെന്ന സാഹചര്യത്തില്‍ മന്ത്രി സജി ചെറിയാന്റെ ഇടപെടലിനെത്തുടര്‍ന്നാണ് പ്രവൃത്തി നടപ്പിലാക്കാനുള്ള അനുമതി ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.