ചെറിയനാട് റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ടിനു പരിഹാരമാകുന്നു
1549010
Friday, May 9, 2025 12:08 AM IST
ചെങ്ങന്നൂർ: ചെറിയനാട് റെയിൽവേ അടിപ്പാതയിലെ ദുരിതത്തിനൊടുവിൽ പരിഹാരമാകുന്നു. ചെങ്ങന്നൂർ-മാവേലിക്കര-കോഴഞ്ചേരി റോഡിലെ ചെറിയനാട് റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ചെറിയ മഴയിൽ പോലും അടിപ്പാതയിൽ വെള്ളം നിറയുന്നത് പതിവായതോടെ ചെറിയനാട് പഞ്ചായത്ത് എട്ടു ലക്ഷം രൂപ ചെലവഴിച്ച് ഓട നിർമിച്ചിരുന്നു.
എന്നാൽ, ഈ ഓടയിലേക്ക് വെള്ളം ഒഴുകിയെത്താനുള്ള സൗകര്യമില്ലാതിരുന്നത് വീണ്ടും വെള്ളക്കെട്ടിനു കാരണമായി. ഇപ്പോൾ, ആ പ്രശ്നം പരിഹരിക്കാനുള്ള പണികളാണ് ആരംഭിച്ചിരിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നു എന്ന ശരിയായ അറിയിപ്പ് ബോർഡ് സ്ഥാപിക്കാത്തതിനാൽ ഇവിടെ പണി നടക്കുന്നുവെന്ന് അറിയാതെ രാത്രികാലങ്ങളിൽ ചെങ്ങന്നൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഇവിടെ വെളിച്ചക്കുറവ് കാരണം അപടത്തിൽപ്പെടാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഏകദേശം അഞ്ചു വർഷം മുൻപ് എംകെ റോഡ് നവീകരിച്ചതിനുശേഷമാണ് പാലത്തിന്റെ ഇരുവശവും ഉയർന്നത്.
വലിയ കുഴികൾ
ഇതാണ് ഇരുവശങ്ങളിൽനിന്നുമുള്ള വെള്ളം അടിപ്പാതയിലേക്ക് ഒഴുകിയെത്തുന്നതിനും വെള്ളക്കെട്ട് രൂപപ്പെടുന്നതിനും പ്രധാന കാരണം. ഇത് കണ്ടെത്തിയതിനെത്തുടർന്ന് ഏകദേശം പതിനഞ്ചു മാസങ്ങൾക്കു മുൻപ് ഈ ഭാഗം ലെവൽ ചെയ്ത് ടാർ ചെയ്തിരുന്നു. എന്നിരുന്നാലും ചെറിയ മഴയിൽ പോലും ഇവിടെ വെള്ളം കെട്ടി നിൽക്കുകയും അടിപ്പാതയിൽ വലിയ കുഴികൾ രൂപപ്പെടുകയും ചെയ്തു.
ഈ കുഴികളിൽ വീണ് ഇരുചക്രവാഹന യാത്രക്കാർ ഉൾപ്പെടെ നിരവധിപേർക്ക് അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. അടിപ്പാതയിൽ എത്തുന്ന വെള്ളം ഒഴുകിപ്പോകാൻ ശരിയായ ഒരു സംവിധാനം ഇല്ലാത്തതായിരുന്നു ഇവിടത്തെ പ്രധാന പ്രശ്നം.
ചെളിവെള്ളം തെറിച്ച് ഇരുചക്രവാഹന യാത്രക്കാരുടെയും കാൽനട യാത്രക്കാരുടെയും ദേഹത്ത് വീഴുന്നത് ഇവിടെ പതിവാണ്. ഇതു പലപ്പോഴും തർക്കങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
ഓടയിലേക്ക് വെള്ളം
ഇരുവശത്തുനിന്നും വളഞ്ഞു വരുന്ന വാഹനങ്ങൾ പെട്ടെന്നാണ് വെള്ളക്കെട്ട് കാണുന്നത്. റോഡ് പരിചയമില്ലാത്ത ഡ്രൈവർമാർ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ പിന്നാലെ വരുന്ന വാഹനങ്ങൾ ഇടിച്ചുണ്ടാകുന്ന അപകടങ്ങളും ഇവിടെ നിത്യസംഭവമായിരുന്നു. അധ്യയനവർഷം ആരംഭിക്കുമ്പോൾ വിജേശ്വരി ഹൈസ്കൂൾ, ദേവസ്വം ബോർഡ്സ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ആല ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചെറിയനാട് എസ്എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളില വദ്യാർഥികൾ സൈക്കിളിലും കാൽനടയായും ഈ വഴിയിലൂടെയാണ് പോകുന്നത്.
ഇവർക്ക് വെള്ളക്കെട്ട് വലിയ ദുരിതമായിരുന്നു സൃഷ്ടിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ഓടയിലേക്ക് വെള്ളം ഒഴുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതോടെ ഒരു വലിയ ആശ്വാസമായിരിക്കുകയാണ്.
ഇവിടത്തെ ദുരിതത്തെക്കുറിച്ചുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചെങ്ങന്നൂർ എംഎൽഎയും മന്ത്രിയുമായ സജി ചെറിയാനും മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷും ശക്തമായി ഇടപെട്ടതിനെത്തുടർന്നാണ് റെയിൽവേ അധികൃതർ അടിയന്തരമായി വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്.