കേരള യൂത്ത് ഫ്രണ്ട്-എം തീരദേശ സംരക്ഷണ ജാഥ
1548734
Wednesday, May 7, 2025 11:52 PM IST
ആലപ്പുഴ: കേരള യൂത്ത് ഫ്രണ്ട്-എം തീരദേശ സംരക്ഷണ ജാഥ ആലപ്പുഴ ജില്ലയിൽ പര്യടനം നടത്തി. ഇന്നലെ രാവിലെ ജില്ലയിൽ പ്രവേശിച്ച ജാഥയ്ക്ക് മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് സ്വീകരണം നൽകി.
ജാഥാ ക്യാപ്റ്റൻ സിറിയക് ചാഴികാടനെ മാലയിട്ടും ഹർഷാരവങ്ങളോടെയുമാണ് സ്വീകരിച്ചത്. മത്സ്യത്തൊഴിലാളികളുടെ പ്രതിസന്ധിയിൽ എന്നും കേരള കോൺഗ്രസും യൂത്ത് ഫ്രണ്ടും ഒപ്പമുണ്ടാകുമെന്ന് സിറിയക് ചാഴികാടൻ പറഞ്ഞു. കേരളം മുഴുവൻ ഒറ്റക്കെട്ടായി മത്സ്യത്തൊഴിലാളികൾക്കുവേണ്ടി രംഗത്തിറങ്ങും. കേന്ദ്രസർക്കാരിന് കേരളത്തിന്റെ ജനകീയ പ്രതിഷേധങ്ങൾക്കൊടുവിൽ മത്സത്തൊഴിലാളികളെ സംരക്ഷിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
കേരള യൂത്ത്ഫ്രണ്ട്-എം ജില്ലാ പ്രസിഡന്റ് വർഗീസ് ആന്റണി അധ്യക്ഷത വഹിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കേരള കോൺഗ്രസ്-എം ജില്ലാ പ്രസിഡന്റ് വി.സി. ഫ്രാൻസിസ്, കേരള കോൺഗ്രസ്-എം രാഷ്ട്രീയകാര്യസമിതി അംഗം വി.ടി. ജോസഫ്, ജെന്നിംഗ്സ് ജേക്കബ്, വിജി എം. തോമസ്, സാജൻ തൊടുക, ജോസഫ് കെ. നെല്ലുവേലി, ഷേയ്ക്ക് അബ്ദുള്ള, അജിതാ സോണി തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.