വിചിത്രരൂപത്തില്‍ പിറന്ന പശുക്കിടാവ് വിസ്മയക്കാഴ്ചയായി
1549302
Saturday, May 10, 2025 12:15 AM IST
ചേർത്തല: വിചിത്ര രൂപത്തിലുള്ള തലയുമായി പിറന്ന പശുക്കിടാവ് നാട്ടുകാര്‍ക്ക് വിസ്മയകാഴ്ചയായി. ചേർത്തല തെക്ക് പഞ്ചായത്ത് 11-ാം വാർഡിൽ അരീപ്പറമ്പ് കണിയാടിക്കൽ അനിരുദ്ധന്റെ പശുവാണ് വിചിത്രരൂപമുള്ള കിടാവിനു ജന്മം നൽകിയത്.
കണ്ണുകളില്ല. വായുടെ ഭാഗത്ത് ചെറുദ്വാരത്തിലൂടെ നാവ് പുറത്തു കാണാം. മൂക്കിനു പകരം ചെറുദ്വാരം മാത്രം. പ്രസവിച്ചയുടനെ നടന്നെങ്കിലും പിന്നീട് കിടപ്പിലായി. പാൽ കുടിക്കാനാകാത്ത അവസ്ഥയാണ്. കുപ്പിപ്പാൽ നൽകാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ലക്ഷ്മിയുടെ രണ്ടാം പ്രസവത്തിലാണ് ഇങ്ങനെയൊരു കിടാവ് പിറന്നത്. സാമാന്യം ആരോഗ്യമുള്ള കിടാരിയാണ്. അത്യപൂർവമായി ഇത്തരം കിടാരികൾ പിറക്കാറുണ്ടെന്നാണ് മൃഗസംരക്ഷണവകുപ്പ് അധികൃതർ പറയുന്നത്.