തെരുവുനായശല്യം രൂക്ഷം: എബിസി പദ്ധതി അട്ടിമറിച്ചതിനെതിരേ യുഡിഎഫ്
1548722
Wednesday, May 7, 2025 11:52 PM IST
കായംകുളം: തെരുവുനായ്ക്കളുടെ ഭീഷണിയെ നേരിടുന്നതിനായി സർക്കാർ ആവിഷ്കരിച്ച എബിസി പദ്ധതി കായംകുളം നഗരസഭയും മുതുകുളം ബ്ലോക്ക് പഞ്ചായത്തും അട്ടിമറിച്ചെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു. കഴിഞ്ഞ നാലുവർഷമായി എല്ലാവർഷവും അഞ്ച് ലക്ഷം രൂപ വീതമാണ് തെരുവുനായ്ക്കളുടെ ഭീഷണിയെ പ്രതിരോധിക്കാൻ കായംകുളം നഗരസഭ മുതുകുളം ബ്ലോക്ക് പഞ്ചായത്തിന് നൽകുന്നത്.
കായംകുളം നഗരസഭയും സമീപത്തെ ആറു പഞ്ചായത്തുകളും ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കേണ്ടത്.
എന്നാൽ, നാളിതുവരെ ഒരു രൂപ പോലും പഞ്ചായത്തുകളും നഗരസഭയും ചെലവഴിച്ചിട്ടില്ലെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ സി.എസ്. ബാഷ ആരോപിച്ചു. നാട് മുഴുവൻ തെരുവ് നായ്ക്കളുടെ ആക്രമണം നടക്കുമ്പോഴാണ് എബിസി പദ്ധതി ഇവിടെ അട്ടിമറിക്കപ്പെടുന്നതെന്നാണ് ആക്ഷേപം.
കൂടാതെ വർഷം തോറും രണ്ട് ലക്ഷം രൂപയാണ് കായംകുളം നഗരസഭ താലൂക്ക് ആശുപത്രിയിൽ വാക്സിനേഷന് നൽകുന്നത്. തെരുവുനായ ആക്രമിച്ചാൽ മരുന്നില്ലെന്നു പറഞ്ഞ് ആശുപത്രിയിൽ എത്തുന്നവരെ ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് റെഫർ ചെയ്യുകയാണെന്നും ആരോപണമുണ്ട്.
കഴിഞ്ഞ മൂന്നുമാസത്തിനിടെ അമ്പതോളം പേരെയാണ് തെരുവുനായ്ക്കൾ ആക്രമിച്ചത്. അതിനാൽ താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് വാക്സിൻ മരുന്നുകൾ ലഭ്യമാക്കണമെന്ന ആവശ്യവും ശക്തമാണ്.