കണ്ടഭാവമില്ലാതെ അധികൃതർ
1548498
Wednesday, May 7, 2025 12:14 AM IST
ചെങ്ങന്നൂർ: ചെങ്ങന്നൂർ റെയിൽവേ ഇരുപത്തിയഞ്ചാം വാർഡിലെ കോതാലിൽ-വടക്കേമുറി പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്ന് നാലുവർഷം പിന്നിട്ടിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു. പാലത്തിന്റെ കൽക്കെട്ട് ഇടിഞ്ഞുവീണ് തോട്ടിലേക്ക് പതിച്ചതോടെ യാത്രക്കാരും സമീപവാസികളും ഒരുപോലെ അപകടഭീഷണിയിലാണ്. നാലുവർഷം മുൻപ് തകർന്നുവീണ ഭാഗം ഇപ്പോൾ അപകടത്തുരുത്തായിരിക്കുകയാണ്.
ഇറിഗേഷൻ വകുപ്പ് മൂന്നുതവണ സ്ഥലത്തെത്തി എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും തുടർ നടപടികൾ ഉണ്ടായില്ലെന്ന് വാർഡ് കൗൺസിലർ സിനി ബിജു പറയുന്നു. ആദ്യം ഒൻപതു ലക്ഷം രൂപയും പിന്നീട് 16 ലക്ഷം രൂപയും ഒടുവിൽ 20 ലക്ഷം രൂപയുമാണ് കണക്കാക്കിയിട്ടുള്ളത്.
എന്നാൽ, നിലവിലെ സാഹചര്യത്തിൽ സുരക്ഷാഭിത്തിയും റോഡും വീണ്ടും തകർന്നുവീഴാൻ സാധ്യതയുള്ളതിനാൽ ഈ തുക മതിയാകില്ലെന്ന് പറയപ്പെടുന്നു. നാലു വർഷത്തിലേറെയായിട്ടും തകർന്ന റോഡ് പുനർനിർമിക്കാത്തതിൽ പ്രദേശവാസികൾക്കു കടുത്ത അമർഷമുണ്ട്.
ചെങ്ങന്നൂർ എംഎൽഎയും മന്ത്രിയുമായ സജി ചെറിയാനുൾപ്പെടെയുള്ള അധികൃതർക്കു പരാതി നൽകിയിട്ടും ഫണ്ടില്ലെന്ന കാരണം പറഞ്ഞ് അധികൃതർ ഒഴിഞ്ഞുമാറുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. അതിനിടയിൽ ഈ അപകടകരമായ റോഡിലൂടെ സഞ്ചരിക്കവേ സ്കൂട്ടറുകളും കാറുകളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ തോട്ടിലേക്ക് മറിഞ്ഞ് അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. മതിലുകളില്ലാത്ത നിരവധി വീടുകളാണ് തോടിന്റെ സമീപത്തുള്ളത്.
സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പേരാണ് ഈ വഴിയിലൂടെ ദിവസവും യാത്ര ചെയ്യുന്നത്. കോട്ടയം എറാണകുളം ഭാഗത്തുനിന്നു വരുന്നവർക്ക് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലേക്കു പോകാനുള്ള എളുപ്പവഴിയാണിത്.
കാലവർഷം ആരംഭിക്കുന്നതോടെ ഇവിടത്തെ സ്ഥിതി കൂടുതൽ ഗുരുതരമാകും. റോഡ് ഒരുവശത്തേക്ക് ചരിഞ്ഞുകിടക്കുന്നതിനാൽ സമീപത്തെ വീടുകൾക്കും ഇത് ഭീഷണിയായി മാറിയിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
അടിയന്തരമായി അധികൃതർ ഇടപെട്ട് തകർന്ന അപ്രോച്ച് റോഡ് പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇനിയും അപകടങ്ങൾ സംഭവിക്കുന്നതിന് മുൻപ് അധികാരികൾ കണ്ണുതുറക്കുമോ എന്ന് നാട്ടുകാർ ആശങ്കയോടെ ചോദിക്കുന്നു.