പെരുമ്പളം പാലം സെപ്റ്റംബറിൽ തുറന്നേക്കും: കായലിലെ ഏറ്റവും നീളമേറിയ പാലം
1548495
Wednesday, May 7, 2025 12:14 AM IST
പൂച്ചാക്കൽ: പെരുമ്പളം പാലം നിർമാണം പൂർത്തിയാക്കി സെപ്റ്റംബറിൽ തുറന്നു നൽകാൻ കഴിഞ്ഞേക്കുമെന്നു സൂചന. പാലം നിർമാണം 95 ശതമാനത്തോളം പൂർത്തിയായി. പാലത്തിന്റെ പടിഞ്ഞാറേ കരയായ വടുതല ജെട്ടി ഭാഗത്തെയും കിഴക്കേകരയായ പെരുമ്പളം പൂവംതറ ഭാഗത്തെയും അപ്രോച്ച് റോഡ് നിർമാണമാണ് ഇപ്പോൾ നടക്കുന്നത്.
പൂവംതറഭാഗം ചതുപ്പ് പ്രദേശമായതിനാൽ തെങ്ങുംകുറ്റി, ഗ്രാവൽ തുടങ്ങിയവ ഉപയോഗിച്ച് 150 മീറ്റർ നീളം ഉയർത്തിയശേഷമാണ് അപ്രോച്ച് റോഡ് നിർമാണം നടത്തുന്നത്. ഗ്രാവലും തെങ്ങിൻകുറ്റികളും ഇറക്കി ജോലികൾ പുരോഗമിക്കുകയാണ്. വടുതല ജെട്ടി ഭാഗത്തെ അപ്രോച്ച് റോഡ് നിർമാണവും പുരോഗമിക്കുകയാണ്.
വടുതല ജെട്ടി ഭാഗത്ത് അപ്രോച്ച് റോഡ് നിർമാണത്തിനായി 79 സെന്റ് സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. 300 മീറ്റർ റോഡ്, ഇരുവശത്തും ഓട, ഒരു കലുങ്ക് എന്നിവ നിർമിക്കുന്നുണ്ട്. പൂവംതറ ഭാഗത്ത് 189 സെന്റ് സ്ഥലം അപ്രോച്ച് റോഡിനായി ഏറ്റെടുത്തിട്ടുണ്ട്. ഇവിടെയും 300 മീറ്റർ നീളത്തിൽ റോഡ് നിർമിക്കും. ഒരു കലുങ്കും നിർമിക്കും.