ഗതാഗതതടസമായി ഉപയോഗശൂന്യമായ ഓഫീസ് കെട്ടിടവും ശുചിമുറിയും
1548732
Wednesday, May 7, 2025 11:52 PM IST
പൂച്ചാക്കൽ: പാണാവള്ളി ജെട്ടി റോഡിൽ ഓഫീസ് കെട്ടിടവും ശുചിമുറിയും ഗതാഗതത്തിനു തടസമാകുന്നു. പാണാവള്ളി ബോട്ട് ജെട്ടിയിലാണ് റോഡിനോട് ചേർന്ന് ജലഗതാഗതവകുപ്പിന്റെ പഴയ ഓഫീസ് കെട്ടിടവും പൊതുജനങ്ങൾക്കായി വർഷങ്ങൾക്ക് മുൻപ് നിർമിച്ച ശുചിമുറിയും യാത്രക്കാർക്ക് മാർഗതടസമാകുന്നത്.
ജെട്ടിയോട് ചേർന്ന് പുതിയ ഓഫീസ് കെട്ടിടം നിർമിക്കുകയും പ്രവർത്തനങ്ങൾ തുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും തകർന്ന പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിന് അധികൃതർ നടപടി സ്വീകരിച്ചില്ല. പാണാവള്ളി ബോട്ട് ജെട്ടിയിൽനിന്ന് പെരുമ്പളം, പൂത്തോട്ട, നോർത്ത് പറവൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നൂറുകണക്കിന് ആളുകളാണ് ദിവസേന യാത്ര ചെയ്യുന്നത്. പാണാവള്ളി - പെരുമ്പളം ജങ്കാർ സർവീസ് കൂടി ഉള്ളതിനാൽ ഇവിടെ വാഹനങ്ങളുടെ തിരക്കും വർധിച്ചു.
രാവിലെയും വൈകിട്ടും വലിയ ലോറികൾ വരെ ജങ്കാറിൽ കയറ്റി പെരുമ്പളത്തേക്ക് കൊണ്ടുപോകാവുന്നതിനാൽ ബോട്ട് ജെട്ടിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പെരുമ്പളം കവലയിൽനിന്നു ജെട്ടി വരെയുള്ള വീതി കുറഞ്ഞ റോഡിൽ വാഹനങ്ങൾ തിരിക്കാൻ പോലും സ്ഥലമില്ല.
നിലവിൽ ഉപയോഗശൂന്യമായ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയാൽ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലം ലഭിക്കുകയും ഗതാഗതക്കുരുക്കില്ലാതെ വാഹനങ്ങൾ കടന്നുപോകാനും സാധിക്കുമെന്ന് നാട്ടുകാർ പറഞ്ഞു. ബോട്ട് യാത്രക്കാരുടെ ഇരുചക്രവാഹനങ്ങൾ അധികവും റോഡിന്റെ വശങ്ങളിലാണ് പാർക്ക് ചെയ്തിരിക്കുന്നത്.
സർക്കാർ ചെലവിൽ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവർക്ക് സൗകര്യമൊരുക്കുന്ന ഇടമായി മാറി പഴയ ഓഫിസ് കെട്ടിടം എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
രാത്രികാലങ്ങളിൽ ഇവിടെ സാമൂഹ്യവിരുദ്ധരുടെ ശല്യവും രൂക്ഷമാണ്.