പത്തിയൂർ പാലത്തിന്റെ പുനർനിർമാണം; പാലം പൊളിക്കുന്നതിനുള്ള നടപടി തുടങ്ങി
1548724
Wednesday, May 7, 2025 11:52 PM IST
കായംകുളം: പത്തിയൂർ പാലം പുനർനിർമിക്കുന്നതിനു മുന്നോടിയായി നിലവിലെ പാലം പൊളിക്കുന്നതിനുള്ള നടപടി തുടങ്ങി. കരിപ്പുഴ തോടിനു കുറുകെയാണ് പത്തിയൂർ പാലം നിർമിച്ചിരിക്കുന്നത്. പാലം പൊളിക്കുമ്പോൾ യാത്രക്കാർക്ക് നടന്നുപോകുന്നതിന് സംവിധാനമൊരുക്കുമെന്ന് അധികൃതർ പറഞ്ഞു.
ആറുമാസത്തിനുള്ളിൽ പാലം പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാലം നിർമിക്കുന്നതിന് 2.78 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പാലത്തിന് 27 മീറ്റർ നീളവും രണ്ടുവരി ഗതാഗതത്തിനാവശ്യമായ 7.5 മീറ്റർ കാര്യേജ് വേയും ഇരുവശങ്ങളിൽ നടപ്പാതയുമുൾപ്പെടെ 11 മീറ്ററാണ് ആകെ വീതി. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി ഭഗവതിപ്പടി - കരീലക്കുളങ്ങര മല്ലിക്കാട് കടവ് റോഡിന്റെ പുനർനിർമാണത്തിന്റെ അനുബന്ധമായി പത്തിയൂർപാലം നിർമാണവും ഉൾപ്പെട്ടിരുന്നു.
പദ്ധതിക്കായി 20.24 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഡിസൈൻ ലഭ്യമാക്കുന്നതിലും യൂട്ടിലിറ്റി ഷിഫ്റ്റിംഗിനുള്ള കാലതാമസവും പാലം നിർമാണം വൈകുന്നതിന് കാരണമായി. തുടർന്ന് റോഡ് നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായ ശേഷം പാലം നിർമാണത്തിനായി 2.78 കോടി രൂപയുടെ സാങ്കേതികാനുമതി നൽകി പുതിയ കമ്പനിക്ക് കരാർ നൽകുകയായിരുന്നു. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണച്ചുമതല.
പാലം പൊളിക്കുന്നതിനു മുന്നോടിയായി ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചിരിക്കുകയാണ്. കരീലക്കുളങ്ങര ഭാഗത്ത് നിന്ന് ഭഗവതിപ്പടി ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ ചീറ്റാകേരി ജംഗ്ഷനിൽനിന്ന് വലത്തോട്ടുതിരിഞ്ഞ് എരുവ പാലം കയറി ഇടത്തോട്ടുതിരിഞ്ഞ് പത്തിയൂർ ആൽത്തറ വഴി ഭഗവതിപ്പടി ഭാഗത്തേക്കു പോകേണ്ടതാണ്. ഭഗവതിപ്പടി ഭാഗത്തുനിന്ന് കരീലക്കുളങ്ങര ഭാഗത്തേക്കുപോകേണ്ട വാഹനങ്ങളും ഇതേവഴി ഉപയോഗിക്കണം.
താത്കാലിക സംവിധാനം
ഒരുക്കണം: യൂത്ത് കോൺഗ്രസ്
പത്തിയൂർ പാലം പൊളിച്ചുമാറ്റുന്നതിനു മുമ്പ് താത്കാലിക സംവിധാനം ഒരുക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. സമാന്തരമായി താത്കാലിക പാലം പണിതില്ലെങ്കിൽ ആൾക്കാർ രണ്ടു കിലോമീറ്റർ ചുറ്റിക്കറങ്ങി യാത്ര ചെയ്യേണ്ടിവരും.