വനിതാ ഡോക്ടറുടെ മ്യൂറൽ പെയിന്റിംഗുകൾ വേറിട്ട കാഴ്ചയാകുന്നു
1548723
Wednesday, May 7, 2025 11:52 PM IST
അമ്പലപ്പുഴ: വനിതാ ഡോക്ടർ വരച്ച മ്യൂറൽ പെയിന്റിംഗുകൾ വേറിട്ട കാഴ്ചയാകുന്നു. അമ്പലപ്പുഴ പടിഞ്ഞാറേ നടയിൽ സൗഗന്ധികം വീട്ടിൽ ഡോ. വി.വേണുഗോപാലിന്റെ ഭാര്യ ഡോ. ഉമാ വേണുഗോപാലാണ് മ്യൂറൽ പെയിന്റിംഗിൽ വിസ്മയം തീർത്തത്. 10 വർഷമായി ആലപ്പുഴ സതീഷ് വാഴവേലിൽ, സുനിൽ വാക ഗുരുവായൂർ എന്നിവരുടെ ശിക്ഷണത്തിലാണ് ചുവർച്ചിത്ര പഠനം നടത്തുന്നത്.
50 ലേറെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. 10ഓളം ചിത്രങ്ങൾ മറ്റുള്ളവർക്ക് സമ്മാനിച്ചിട്ടുണ്ട്. അമ്പലപ്പുഴ ക്ഷേത്രത്തിൽ സമർപ്പിച്ച കാളിയ മർദനം, ഗുരുവായൂരപ്പൻ എന്നീ ചിത്രങ്ങൾ നാടകശാലയിൽ പ്രദർശിപ്പിച്ചു പോരുന്നു.
അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 40ലേറെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ പ്രദർശനവും സംഘടിപ്പിച്ചിരുന്നു. ശ്രീകൃഷ്ണന്റെ പല ഭാവത്തിലുള്ള ചിത്രങ്ങൾ കൂടാതെ അനന്ത ശയനം, ഗണപതി, സരസ്വതി, മഹാലക്ഷ്മി, ശിവൻ, ഹനുമാൻ, യേശുക്രിസ്തു, കന്യാമറിയം, മദർ തെരേസ, കഥകളി, തെയ്യം എന്നിവയെല്ലാം ചിത്രരചനയ്ക്കു വിഷയമായിട്ടുണ്ട്. വസ്ത്രങ്ങളിലും ക്ലോക്ക്, ഫ്ലവർ വേസ് എന്നിവയിലും മ്യൂറൽ പെയിന്റ് ചെയ്തിട്ടുണ്ട്.