നിയന്ത്രണം തെറ്റിയ കാർ വൈദ്യുതിത്തൂണിൽ ഇടിച്ചുതകർന്നു
1549017
Friday, May 9, 2025 12:08 AM IST
ചേര്‍ത്തല: നിയന്ത്രണം തെറ്റിയ കാർ വൈദ്യുതിത്തൂണിലിടിച്ച് തകർന്നു. കുറുപ്പംകുളങ്ങര-കണിച്ചുകുളങ്ങര റോഡിൽ അരിപ്പറമ്പിൽ പഞ്ചായത്ത് ഓഫീസിനു സമീപം ബുധനാഴ്ച പുലർച്ചെ മൂന്നോടെയാണ് അപകടമുണ്ടായത്. ചെത്തി സ്വദേശി ജോസഫിന്റെ ഉടമസ്ഥതയിലെ കാറാണ് അപകടത്തിൽപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ടു കുട്ടികളും അർത്തുങ്കൽ സ്വദേശിയായ ഡ്രൈവറുമാണ് കാറിലുണ്ടായിരുന്നത്.
രാത്രിയില്‍ തിയറ്ററിൽ സിനിമ കണ്ടു മടങ്ങുമ്പോഴാണ് അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു. പഞ്ചായത്ത് ഓഫീസിനു വടക്കുഭാഗത്തെ വളവുതിരിയാതെ എതിർവശത്തേക്കു കയറിയ കാർ റോഡിൽനിന്ന് ഇറങ്ങി സമീപത്തെ കടയുടെ ചെറുഭാഗം തകർത്തു മുന്നോട്ടുനീങ്ങി വൈദ്യുതിത്തൂണിലിടിച്ച് നില്‍ക്കുകയായിരുന്നു. തൂണൊടിഞ്ഞതിനാൽ അരീപ്പറമ്പ് ഭാഗത്ത് വൈദ്യുതിവിതരണം മുടങ്ങി. കാറിന്റെ മുൻഭാഗം തകർന്നു. കാറിലുണ്ടായിരുന്നവർ പരിക്കുകളില്ലാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കെഎസ്ഇബി 22,000 രൂപ നഷ്ടപരിഹാരമായി ഈടാക്കി.