കുട്ടനാടിന് നെല്ലും കൂണും: ട്രാവന്‍കോ കൂണ്‍കൃഷി പദ്ധതിക്ക് തകഴിയില്‍ തുടക്കം
1549013
Friday, May 9, 2025 12:08 AM IST
എടത്വ: കുട്ടനാട്ടിലെ 64 പഞ്ചായത്തുകളിലെ നെല്‍കര്‍ഷകര്‍ക്കു നെല്‍കൃഷിയോടൊപ്പം ഒരു അധികവരുമാനം വിഭാവനം ചെയ്യുക എന്ന ലക്ഷ്യത്തോടെ അടൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ റൂറല്‍ ഡെവലപ്മെന്റ് പ്രൊഡ്യൂസര്‍ കമ്പനിയുടെയും (ട്രാവന്‍കോ) വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൃഷിവകുപ്പിന്റെയും സംയുക്ത സംരംഭം ട്രാവന്‍കോ-പ്രോജെക്ട് സണ്‍ റൈസിന് തകഴി പഞ്ചായത്തില്‍ തുടക്കമായി.
തകഴി പഞ്ചായത്തു പ്രസിഡന്റ് എസ്. അജയകുമാര്‍ അധ്യക്ഷത വഹിച്ച കൂണ് കൃഷി പദ്ധതി വിശദീകരണയോഗം ട്രാവന്‍കോ ചെയര്മാൻ സി. ദിവാകരന് ഉദ്ഘാടനം ചെയ്തു. വൈറ്റമിന്‍ സമ്പുഷ്ടമായ ഗുണമേന്മ ഏറെയുള്ള ഭക്ഷ്യവസ്തുവായ കൂണിന് മികച്ച അന്തരാഷ്ട്ര വിപണി സുസ്ഥിരമായി നിലനില്ക്കുന്നു. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന കൂണിന്റെ ഏറിയ പങ്കും വിദേശ രാജ്യങ്ങളിലേക്കു കയറ്റി അയക്കപ്പെടുന്നു. ആഭ്യന്തരവിപണി ലക്ഷ്യം വയ്ക്കുന്നതിനൊപ്പം കൂണിന്റെ ഈ അന്താരാഷ്ട്ര വിപണിയിലേക്കാണ് കുട്ടനാട്ടിലെ കര്‍ഷകരെ ട്രാവന്‍കോ കൈപിടിച്ച് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലാകമാനം നടപ്പില്‍ വരുത്താനുദ്ദേശിക്കുന്ന പദ്ധതിയിലേക്ക് രാജ്യത്തെ ദേശസാല്‍കൃത ബാങ്കുകളെ ഭാഗവാക്കാക്കുവാനുള്ള ചര്‍ച്ചകള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതായി പദ്ധതി അവതരണം നടത്തിയ ട്രാവന്‍കോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എം.ആര്. സേതു അറിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബികാ ഷിബു, സെക്രട്ടറി വി. സുരേഷ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് കെ. ശശാങ്കന്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു ജയപ്പന്‍, വാര്‍ഡ് മെംബര്‍മാരായ ജയചന്ദ്രന് കല്ലശേരി, മഞ്ജു വിജയകുമാര്‍, ഗീതാഞ്ജലി തുടങ്ങിയവര്‍ പ്രസംഗിച്ചു.
നെല്‍കൃഷിയില്‍ വ്യാപൃതരായിരിക്കുന്ന കുട്ടനാട്ടിലെ 64 പഞ്ചായത്തുകളിലെ നെല്‍കര്‍ഷകര്‍ക്ക് ഒരധികവരുമാനം എന്ന നിലയിലാണ് പ്രോജക്ട് സണ്‍ റൈസ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. കര്‍ഷകര്‍ക്് കൂണ്‍കൃഷി തുടങ്ങുന്നതിനാവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍, സാങ്കേതിക വിദ്യ, പരിശീലനം, ശാസ്ത്രീയമായ നിരന്തര മൂല്യനിര്‍ണയം, സാമ്പത്തിക പിന്തുണ എന്നിവയ്ക്കു പുറമേ ഉത്പാദിപ്പിക്കുന്ന കൂണിന് വിപണി വില നല്കി ട്രാവന്‍കോ ഏറ്റെടുക്കുകയും ചെയ്യുമെന്ന് ട്രാവന്‍കോ ഭാരവാഹികള്‍ പറഞ്ഞു.