മന്ത്രിയുടെ പ്രഖ്യാപനം നടപ്പായില്ല ജില്ലയിൽ ഷെൽട്ടറില്ലാതെ തെരുവുനായ്ക്കൾ
1548497
Wednesday, May 7, 2025 12:14 AM IST
ആലപ്പുഴ: തെരുവുനായ ആക്രമണവും പേവിഷബാധയേറ്റുള്ള മരണവും കൂടുമ്പോഴും ജില്ലയിൽ തെരുവുനായ്ക്കൾക്കായി ഹോമില്ല. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും തെരുവുനായ ഷെൽട്ടർ ഹോം സ്ഥാപിക്കുമെന്നു മന്ത്രി എം.ബി. രാജേഷ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
എന്നിട്ടും 78 തദ്ദേശ സ്ഥാപനങ്ങളുള്ള ജില്ലയിൽ ഒരു ഷെൽട്ടർ ഹോം പോലും സജ്ജമാക്കാനായിട്ടില്ല. ജില്ലയിൽ മുൻപു രണ്ടു തെരുവുനായ വന്ധ്യംകരണ കേന്ദ്രങ്ങളുണ്ടായിരുന്നതിൽ ഒരെണ്ണത്തിനു മാത്രമാണു പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരം അനുമതി ലഭിച്ചിട്ടുള്ളത്. ഇവിടെ ദിവസം പത്തോളം നായ്ക്കളെയാണു വന്ധ്യംകരിക്കാനാകുക.
ശസ്ത്രക്രിയയ്ക്കുശേഷം ഏകദേശം 50 നായ്ക്കളെ പാർപ്പിക്കാനുള്ള സൗകര്യവുമുണ്ട്. രണ്ടു ബ്ലോക്ക് പഞ്ചായത്തുകൾക്ക് ഒന്നെന്ന രീതിയിൽ വന്ധ്യംകരണ കേന്ദ്രം വേണമെന്നുമെന്നാണ് സർക്കാർ നിർദേശം. വന്ധ്യംകരണ കേന്ദ്രങ്ങൾക്കുള്ള നടപടികളിൽ പുരോഗതിയുണ്ടെങ്കിലും ഷെൽട്ടർ ഹോമുകളുടെ കാര്യത്തിൽ അനക്കമില്ലാത്ത സ്ഥിതിയാണ്.
ഷെൽട്ടർ ഹോം ഉണ്ടെങ്കിൽ ഉപദ്രവകാരികളായ തെരുവുനായ്ക്കളെ മാറ്റിപ്പാർപ്പിക്കാമെന്നും ഇതിലൂടെ കൂടുതൽ നായ്ക്കളിലേക്കു പേവിഷബാധയെത്തുന്നതു തടയാമെന്നും മൃഗസംരക്ഷണവകുപ്പ് അധികൃതർ തന്നെ പറയുന്നു.