എക്സലൻഷ്യ അവാർഡ്: ചേര്‍ത്തല നൈപുണ്യ കോളജിന് തുടര്‍ച്ചയായി നേട്ടം
1592475
Wednesday, September 17, 2025 11:32 PM IST
ചേര്‍ത്തല: ചേര്‍ത്തല നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റിനു തുടര്‍ച്ചയായി നേട്ടം. ദേശീയ മൂല്യനിർണയ-അക്രഡിറ്റേഷൻ കൗൺസിൽ (നാക്) എ ഗ്രേഡ് ലഭിച്ചതിനു പിന്നാലെ ദേശീയ മികവിലെത്തിയ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന എക്സലൻഷ്യ അവാർഡും ചേര്‍ത്തല നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റിന് ലഭിച്ചു.
സംസ്ഥാനത്ത് നാക് എ++, എ+, എ ഗ്രേഡുകൾ നേടിയതും എൻഐആർഎഫ്, കെഐആർഎഫ് റാങ്കിംഗിൽ മുന്നിലെത്തിയതുമായ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി മിനിസ്റ്റേഴ്സ് അവാർഡ് ഫോർ എക്സെലൻസ് നൽകിയുള്ള എക്സലൻഷ്യ-2025 പുരസ്കാരമാണ് ചേര്‍ത്തല നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റിന് ലഭിച്ചത്. സംസ്ഥാന ഉന്നതവിദ്യാഭ്യാസവകുപ്പും സ്റ്റേറ്റ് ലെവൽ ക്വാളിറ്റി അഷുറൻസ് സെൽ കേരളയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന ചടങ്ങിൽ നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. വർഗീസ് പാലാട്ടി, പ്രിൻസിപ്പൽ ഡോ. ബിജി പി. തോമസ്, കോളജ് ഐക്യുഎസി കോ-ഓർഡിനേറ്റർ സി.എസ്. അഭിനന്ദ് എന്നിവര്‍ക്ക് ഉന്നതവിദ്യാഭ്യാസവകുപ്പു മന്ത്രി ഡോ. ആർ. ബിന്ദു പുരസ്കാരം സമ്മാനിച്ചു.
വിദ്യാഭ്യാസത്തിലെ ഗുണനിലവാരം, നവീന അധ്യാപനരീതികൾ, വിദ്യാർഥികളുടെ സമഗ്ര വളർച്ച, സാമൂഹിക പ്രതിബദ്ധത എന്നിവയിൽ കൈവരിച്ച നേട്ടങ്ങളാണ് നാക് അംഗീകാരത്തിനും എക്സലൻഷ്യ അവാർഡിനും കാരണമായതെന്നും നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റിന്റെ നേട്ടം കേരളത്തിലെ മാനേജ്മെന്റ് വിദ്യാഭ്യാസരംഗത്ത് പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുന്നതാണെന്നും എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. വർഗീസ് പാലാട്ടി പറഞ്ഞു.