അനുയോജ്യ സ്ഥലമായില്ല; നൂറനാട് കേന്ദ്രീയ വിദ്യാലയം നഷ്ടപ്പെടുമോ?
1592295
Wednesday, September 17, 2025 6:52 AM IST
ചാരുംമൂട്: അനുയോജ്യമായ സ്ഥലം കിട്ടാത്തതു മൂലം നൂറനാട് ഐടിബിപി ബറ്റാലിയനോടു ചേർന്നു കേന്ദ്ര സർക്കാർ അനുവദിച്ച കേന്ദ്രീയ വിദ്യാലയം നഷ്ടപ്പെടുമെന്ന് ആശങ്ക. സംസ്ഥാന സർക്കാർ അധികം സ്ഥലം അനുവദിച്ചെങ്കിലും ഇത് അനുയോജ്യമല്ലെന്നു മുമ്പ് കണ്ടെത്തിയിരുന്നു. കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കാൻ ആകെ അഞ്ചേക്കർ ഭൂമിയാണ് വേണ്ടത്. നിലവിൽ 3.27 ഏക്കർ ഭൂമി ക്യാമ്പ് അനുബന്ധ സൗകര്യങ്ങളായി ലഭ്യമാണ്. കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കാൻ അധികമായി 1.73 ഏക്കർ ഭൂമികൂടിയാണ് ആവശ്യമുള്ളത്.
വെറുതെ കിടന്നിട്ടും
നൂറനാട് ലെപ്രസി സാനിട്ടോറിയത്തിൽ ആവശ്യത്തിലധികം ഭൂമി വെറുതെ കിടക്കുന്നുണ്ടെന്നും ഇതു കേന്ദ്രീയ വിദ്യാലയത്തിനു വിട്ടുനൽകണമെന്നും ആവശ്യപ്പെട്ടു കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യമന്ത്രിക്കു കത്ത് നൽകിയെങ്കിലും ഫലം കണ്ടില്ല. അഞ്ച് ഏക്കർ ഭൂമിയുടെ കൈവശരേഖ കേന്ദ്ര സർക്കാരിനു നൽകിയാൽ കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കപ്പെടും. നിലവിൽ ആലപ്പുഴ ജില്ലയിൽ ചെന്നിത്തലയിലും പത്തനംതിട്ട ജില്ലയിലെ അടൂരുമാണ് കേന്ദ്രീയ വിദ്യാലയം ഉള്ളത്.
സർക്കാർ പറയുന്ന സ്ഥലം
സംസ്ഥാന സർക്കാർ നിലവിൽ അനുവദിച്ചിരിക്കുന്ന അധിക ഭൂമി അനുയോജ്യമല്ലാത്തതിനാൽ സാനിറ്റോറിയം വളപ്പിൽത്തന്നെ അനുയോജ്യമായ മറ്റൊരു സ്ഥലം അനുവദിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളെ പങ്കെടുപ്പിച്ചു ജനസഭയും സംഘടിപ്പിച്ചിരുന്നു.
സംസ്ഥാന സർക്കാർ ഐടിബിപി ക്യാമ്പിൽനിന്ന് 1.5 കിലോമീറ്റർ അകലെ റവന്യൂ പുറമ്പോക്കിൽ 1.73 ഏക്കർ ഭൂമി നൽകാമെന്നാണ് അറിയിച്ചത്. എന്നാൽ, കേന്ദ്ര പിഡബ്ല്യുഡി മാനദണ്ഡങ്ങൾ പ്രകാരം ഈ സ്ഥലം അനുയോജ്യമല്ലെന്നു സ്ഥലം പരിശോധിച്ച കേന്ദ്ര സംഘം റിപ്പോർട്ട് നൽകിയിരുന്നു.
അനുയോജ്യമായ സ്ഥലം ഹരിപ്പാടാണെന്ന് ചെന്നിത്തല സുരേഷ് ഗോപിക്ക് കത്തുനൽകി
ഹരിപ്പാട്: എംയിംസിന് അനുയോജ്യമായ സ്ഥലം ഹരിപ്പാടാണെന്ന് രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച് അദ്ദേഹം കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കു കത്തു നൽകി. എയിംസ് തുടങ്ങാൻ അനുയോജ്യമായ സ്ഥലം കേരളത്തിൽ ആലപ്പുഴ ജില്ലയാണെന്നും സ്ഥലം ലഭിക്കുകയാണെങ്കിൽ ആലപ്പുഴ ജില്ലയിൽ എയിംസ് തുടങ്ങുമെന്നുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് രമേശ് ചെന്നിത്തല കത്ത് നൽകിയത്.
ഹരിപ്പാട് മണ്ഡലത്തിൽ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത്, സിയാൽ മാതൃകയിൽ ഒരു മെഡിക്കൽ കോളജ് സ്ഥാപിക്കാൻ, ഏകദേശം 25 ഏക്കർ സ്ഥലം കരുവാറ്റ പഞ്ചായത്തിൽ, ദേശീയപാതയോടു ചേർന്നു റവന്യൂവകുപ്പ് ഏറ്റെടുത്തിരുന്നു.
നയപരമായ കാര്യങ്ങളെത്തുടർന്ന് ഹരിപ്പാട് മെഡിക്കൽ കോളജിന്റെ പദ്ധതി ഉപേക്ഷിക്കപ്പെട്ടതിനാൽ ഈ സ്ഥലം വെറുതെ കിടക്കുകയാണ്. ഈ സ്ഥലം എയിംസിന് എന്തുകൊണ്ടും അനുയോജ്യമാണ്. എല്ലാ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
എയിംസ് മാവേലിക്കരയിൽ സ്ഥാപിക്കണം: കൊടിക്കുന്നിൽ
ചാരുംമൂട്: കേരളത്തിൽ ഒാൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആലപ്പുഴയിൽ സ്ഥാപിക്കണമെന്നുള്ള കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയുടെ ആവർത്തിച്ചുള്ള പ്രതികരണങ്ങളിൽ ആത്മാർഥതയുണ്ടെങ്കിൽ എയിംസ് ജില്ലയിലെ മാവേലിക്കരയിൽ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്നു കൊടിക്കുന്നിൽ സുരേഷ് എംപി.
കേരളത്തിനു പുതുതായി എയിംസ് അനുവദിക്കണമെന്നുള്ളത് നാളുകളായുള്ള ആവശ്യമാണ്. നേരത്തെ കേന്ദ്രസർക്കാർ പുതുതായി 22 എയിംസുകൾക്ക് അംഗീകാരം നൽകിയിരുന്നുവെങ്കിലും അപ്പോഴും കേന്ദ്രം കേരളത്തെ തഴഞ്ഞു. കേരളത്തിലെ എംപിമാർ ഈ വിഷയത്തിൽ തുടർച്ചയായി പ്രധാനമന്ത്രിക്കും കേന്ദ്ര ആരോഗ്യമന്ത്രിക്കും നിവേദനങ്ങൾ നൽകിയിരുന്നെങ്കിലും യാതൊരു പരിഗണനയും ലഭിച്ചില്ലെന്നും കൊടിക്കുന്നിൽ പറഞ്ഞു.
നേരത്തെ ഇ എസ് ഐ കോർപറേഷന്റെ മെഡിക്കൽ കോളജിനായി നിർദേശിച്ചിരുന്ന തഴക്കര ജില്ലാ കൃഷി ഫാം അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ഇപ്പോഴത്തെ കായംകുളം എംഎൽഎ യു പ്രതിഭയുടെ നിഷേധാത്മക നിലപാട് മൂലം നഷ്ടപ്പെട്ടതായും എയിംസിന്റെ കാര്യത്തിൽ ഇത്തരമൊരു അവസ്ഥ ഉണ്ടാകാതിരിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും കൊടിക്കുന്നിൽ പറഞ്ഞു.