സംസ്ഥാന സബ് ജൂണിയര്‍ ബാസ്കറ്റ് ബോള്‍; താരങ്ങള്‍ക്കു സ്വീകരണം
1592473
Wednesday, September 17, 2025 11:32 PM IST
ആലപ്പുഴ: ലീയോ തേര്ടീന്ത് എച്ച്എസ് സ്കൂളില്‍ നടക്കുന്ന ആണ്‍കുട്ടികളുടെ സംസ്ഥാന സബ് ജൂണിയര്‍ ബാസ്കറ്റ് ബോള്‍ സെലക്ഷന് ക്യാമ്പില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്വീകരണം നല്കി.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ഫ്രാന്‍സിസ് കൊടിയനാട് അധ്യക്ഷത വഹിച്ചു. കോര്‍പറേറ്റ് മാനേജര്‍ ഫാ. നെല്‍സണ്‍ തൈപ്പറമ്പില്‍ അഭിനന്ദന സന്ദേശം നല്കി കളിക്കാരെ ആദരിച്ചു.
കേരള ബാസ്കറ്റ്ബോള്‍ അസോസിയേഷന് പ്രസിഡന്റ് ജേക്കബ് ജോസഫ്, ജില്ലാ ബാസ്കറ്റ്ബോള്‍ അസോസിയേഷന് പ്രസിഡന്റ് റോണി മാത്യു, സെക്രട്ടറി ജോണ്‍ ജോര്‍ജ്, പിആര്‍ഒ തോമസ് മത്തായി കരിക്കംപള്ളില്‍, പ്രിന്‍സിപ്പല്‍ പി.ജെ. യേശുദാസ്, ഹെഡ്മാസ്റ്റര് മാനുവല്‍ ജോസ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ പി.ബി. ഐജിന്‍, സംസ്ഥാന ബാസ്കറ്റ്ബോള്‍ ടീം പരിശീലകരായ എസ്. ഷഹബാസ്, പി. നരേഷ് എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന സബ് ജൂണിയര്‍ ക്യാമ്പ് ലീയോ തേര്ട്ടീന്ത് സ്കൂളില്‍ ആദ്യമായാണ് സംഘടിപ്പിക്കുന്നത്. സ്കൂളില്‍നിന്ന് നാലുപേര്‍ സംസ്ഥാന ക്യാമ്പിലുണ്ട്. ദേശീയ ചാമ്പ്യന്‍ഷിപ് ഡെറാഡൂണിലാണ്്.
പുന്നപ്ര ജ്യോതിനികേതന്‍ സ്കൂളില്‍ നടന്ന 50-ാമത് കേരള സംസ്ഥാന സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ്-2025 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആലപ്പുഴ ജില്ലയായിരുന്നു ചാമ്പ്യന്മാര്. ആ ടീമില്‍ ഏഴുപേര്‍ ലീയോ തേര്ട്ടീന്ത് സ്കൂളില്‍നിന്നായിരുന്നു. ആ ചാമ്പ്യന്‍ഷിപ്പില്‍നിന്നാണ് സംസ്ഥാന ടീമിനായുള്ള കോച്ചിംഗ് ക്യാമ്പിലേക്ക് കളിക്കാരെ തെരഞ്ഞെടുത്തത്.