അക്ഷയകേന്ദ്രങ്ങളുടെ നിലനില്‍പ്പ് പ്രതിസന്ധിയിലെന്ന് സംരംഭകർ
1591919
Monday, September 15, 2025 11:45 PM IST
ആലപ്പുഴ: സര്‍വീസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ അക്ഷയകേന്ദ്രങ്ങളുടെ നിലനില്‍പ്പ് പ്രതിസന്ധിയിലെന്ന് സംരംഭകർ. നിലവില്‍ ഇടാക്കുന്നത് ഏഴ് വര്‍ഷം മുമ്പു നിശ്ചയിച്ച സര്‍വീസ് ചാര്‍ജാണ് ഈടാക്കുന്നതെന്നാണ് ഇവർ പറയുന്നത്. കെട്ടിട വാടക, കറന്റ് ചാര്‍ജ്, ഇന്റര്‍നെറ്റ് ചാര്‍ജ്, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ എല്ലാ ചെലവുകളും കൂടുകയാണെന്നും ചാർജ് വർധനയില്ലാതെ മുന്നോട്ടുപോകാനാവില്ലെന്നാണ് ഇവരുടെ വാദം.
15 ലക്ഷം
മുടക്കണമെന്ന്
15 ലക്ഷം രൂപയെങ്കിലും നിക്ഷേപിച്ചാലേ ഒരു അക്ഷയകേന്ദ്രം പ്രവര്‍ത്തിക്കാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കാനാവൂയെന്ന് സംരംഭകർ അവകാശപ്പെടുന്നു. ഒരു സെന്ററില്‍ കുറഞ്ഞത് അഞ്ച് കംപ്യൂട്ടർ, ഒരു സ്കാനര്‍, കളര്‍ പ്രിന്റര്‍, ഫോട്ടോസ്റ്റാറ്റ് മെഷീന്, സിസിടിവി, തമ്പ് റീഡര്‍, കാമറ, ബാര്‍കോഡ് റീഡര്‍ തുടങ്ങിയ ഉപകരണങ്ങളും ആവശ്യമാണ്. ഇതിനെല്ലാംകൂടി കുറഞ്ഞത് 15 ലക്ഷം രൂപയെങ്കിലും വേണ്ടിവരും. മറ്റു സൗകര്യങ്ങളൊരുക്കാനുള്ള ചെലവ് വേറെ.
ഫീസ് ഏകീകരിച്ചു
സര്‍ക്കാര്‍ ഫീസുകള്‍ ഏകീകരിച്ചതിനെതിരേയാണ് സംരംഭകരുടെ പ്രധാന പരാതി. എന്നാൽ, അക്ഷയകേന്ദ്രങ്ങളിലെ സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് ഓള് കേരള അക്ഷയ എന്റര്‍പ്രണേഴ്സ് കോണ്‍ഫെഡറേഷന്‍ കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി കോടതി തള്ളി. ഓഗസ്റ്റ് ആറിനാണ് സര്‍ക്കാര്‍ ഈ തീരുമാനം പ്രഖ്യാപിച്ചത്. സേവനങ്ങളുടെ വ്യാപ്തി, വിഭവങ്ങളുടെ ഉപയോഗം, പ്രവര്‍ത്തനച്ചെലവ് എന്നിവ പരിഗണിക്കാതെയാണ് ഈ ഉത്തരവെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
കേന്ദ്രത്തിന്റെ
വക നൂറ്
ആധാര്‍ എന്റോൾമെന്റ്, ആധാറിലെ തിരുത്തലുകള്‍, പാസ്പോര്‍ട്ട് അപേക്ഷകള്‍ തുടങ്ങിയ സേവനങ്ങളാണ് അക്ഷയ കേന്ദ്രങ്ങളെ സംബന്ധിച്ചു ലാഭകരം. ആധാര്‍ എന്റോൾമെന്റിന് ഗുണഭോക്താക്കളില്‍നിന്നു ഫീസ് ഈടാക്കുന്നില്ല. ഓരോ എന്റോൾമെന്റിനും 100 രൂപ വീതം സെന്ററുകള്‍ക്കു കേന്ദ്രസര്‍ക്കാർ നല്‍കും. അതുപോലെ പാസ്പോര്‍ട്ട് അപേക്ഷയുടെ കാര്യത്തില്‍ 100 മുതല്‍ 200 രൂപവരെ ചാര്‍ജ് ഈടാക്കും.
മസ്റ്ററിംഗ് ബാധ്യത
കൂടുതല്‍ അപേക്ഷകര്‍ എത്തുന്നത് പെന്ഷന് മസ്റ്ററിംഗ് ആണ്. അക്ഷയകേന്ദ്രത്തില്‍ നേരിട്ടെത്തി മസ്റ്ററിംഗ് നടത്തുമ്പോള്‍ 30 രൂപയാണ് സര്‍വീസ് ചാര്‍ജ്. വീടുകളില്‍ എത്തി മസ്റ്ററിംഗ് നടത്തുന്നതിനു നിയമപ്രകാരം ഈടാക്കാവുന്നത് 50 രൂപ. വീടുകളിൽ എത്തുന്നതിന് 150 രൂപയെങ്കിലും ആക്കണമെന്നാണ് സെന്ററുകളുടെ ആവശ്യം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അക്ഷയ സംരംഭകർക്ക് ഓണം അലവന്‍സായി 1000 രൂപ അനുവദിച്ചിരുന്നതൊഴിച്ചാല്‍ സംസ്ഥാന സര്‍ക്കാരില്‍നിന്ന് യാതൊരു ആനുകൂല്യവും അക്ഷയ കേന്ദ്രങ്ങൾക്കു ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം.