കല്ലിശേരി-കുത്തിയതോട് റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം : അധികൃതർ മൗനത്തിൽ
1592742
Thursday, September 18, 2025 10:42 PM IST
ചെങ്ങന്നൂര്‍: കല്ലിശേരി-കുത്തിയതോട് റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. കല്ലിശേരി മുതല്‍ സ്വകാര്യ ആശുപത്രയുടെ സമീപം പ്രയാര്‍ മേടപ്പടി റോഡ്, അമ്പീരേത്ത് മുക്ക്, തിക്കേക്കാട് എന്നിവിടങ്ങളിലാണ് ഗതാഗതക്കുരുക്ക് പതിവാകുന്നത്. റോഡിന്റെ ഇരുവശത്തും വാഹനങ്ങള്‍ അലക്ഷ്യമായും അനധികൃതമായും പാര്‍ക്ക് ചെയ്യുന്നതാണ് പ്രധാന കാരണം.
ഇതുവഴി കടന്നുപോകുന്ന കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹന യാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ കാരണം യാത്രാ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതായി നാട്ടുകാര്‍ പറയുന്നു. അടുത്തിടെ സ്കൂള്‍ ബസ് ഉള്‍പ്പെടെ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍പ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു.
അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സിന് പോലും കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണെന്നും പരാതിയുണ്ട്.
ഗതാഗതക്കുരുക്കിനു പുറമേ, പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ എടുത്ത കുഴികള്‍ ശരിയായി മൂടാത്തതും യാത്രക്കാര്‍ക്ക് ദുരിതമുണ്ടാക്കുന്നു. കൂടാതെ, സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ ഉപയോഗിച്ച സര്‍ജിക്കല്‍ മാസ്കുകള്‍ റോഡരികില്‍ വലിച്ചെറിയുന്നതും ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകുന്നുണ്ട്.
ഈ വിഷയങ്ങള്‍ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ വേണ്ടത്ര സംവിധാനങ്ങളോ ഹോം ഗാര്‍ഡുകളോ ഇല്ലാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. അടിയന്തരമായി വിഷയത്തില്‍ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.