മാർ തൂങ്കുഴി സഭയ്ക്ക് പുതുദിശാബോധം പകർന്ന ഇടയശ്രേഷ്ഠൻ: എറണാകുളം-അങ്കമാലിഅതിരൂപത
1592467
Wednesday, September 17, 2025 11:32 PM IST
കൊച്ചി: സവിശേഷമായ നേതൃശുശ്രൂഷയിലൂടെ സഭയ്ക്കും സമൂഹത്തിനും ക്രിസ്തുവിന്റെ ലാളിത്യവും കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ചുള്ള പുതുദിശാബോധവും പകർന്ന ഇടയശ്രേഷ്ഠനാണു കാലം ചെയ്ത ആർച്ച്ബിഷപ് മാർ ജേക്കബ് തൂങ്കുഴിയെന്ന് എറണാകുളം-അങ്കമാലി അതിരൂപത അനുസ്മരിച്ചു.
അര നൂറ്റാണ്ടു പിന്നിട്ട പൗരോഹിത്യ ജീവിതത്തിലൂടെയും മൂന്നു രൂപതകളിലെ ഇടയശുശ്രൂഷകളിലൂടെയും മാർ തൂങ്കുഴി സുവിശേഷസന്ദേശങ്ങളെ അനേകരിലേക്കെത്തിക്കുന്നതിനും ക്രിസ്തുസാക്ഷ്യം തെളിമയോടെ പ്രകാശിപ്പിക്കുന്നതിലും ശ്രദ്ധിച്ചു.
ആഴമാർന്ന ജീവിതാനുഭവങ്ങളും സ്നേഹാർദ്രമായ ജീവിതശൈലിയും സമന്വയിപ്പിച്ച് സഭാശുശ്രൂഷകളെ അദ്ദേഹം കൂടുതൽ മഹത്വപൂർണവും സ്വീകാര്യതയുമുള്ളതാക്കി. സേവനം ചെയ്ത രൂപതകൾക്കുള്ളിൽ ഒതുങ്ങുന്നതായിരുന്നില്ല മാർ തൂങ്കുഴിയുടെ ജീവിതം ചെലുത്തിയ സ്വാധീനം. കേരളസഭയ്ക്കാകെയും പുതുദിശാബോധം നൽകാനാകുന്ന ഇടപെടലുകൾ അദ്ദേഹം നടത്തി. മാർ തൂങ്കുഴിയുടെ നിര്യാണം സഭയ്ക്കും പ്രത്യേകമായി എറണാകുളം- അങ്കമാലി അതിരൂപതയ്ക്കും തീരാനഷ്ടമാണ്.
കേരളസഭയ്ക്കു വിസ്മരിക്കാനാകാത്ത സംഭാവനകൾ നൽകിയ മാർ ജേക്കബ് തൂങ്കുഴിയുടെ സ്വർഗപ്രാപ്തിയിൽ എറണാകുളം -അങ്കമാലി അതിരൂപതയിലെ പിതാക്കന്മാരുടെയും വൈദികരുടെയും സമർപ്പിതരുടെയും വിശ്വാസികളുടെയും പ്രാർഥനകൾ നേരുന്നതായും അതിരൂപത അനുശോചനസന്ദേശത്തിൽ പറഞ്ഞു.