കുട്ടനാട്ടില്‍ തെരുവുനായ ഭീഷണി
1592339
Wednesday, September 17, 2025 7:17 AM IST
ചമ്പക്കുളം: കുട്ടനാട്ടിലെ മിക്ക പഞ്ചായത്തുകളും തെരുവുനായ ഭീഷണിയില്‍. സ്കൂള്‍ പരിസരങ്ങളും പൊതുസ്ഥലങ്ങളും തെരുവുനായകള്‍ കൈയടക്കി. തെരുവുനായ ശല്യത്തില്‍നിന്നു നാട്ടുകാരെ സംരക്ഷിക്കേണ്ട ഭരണകൂടം ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുന്നു. സ്കൂളില്‍ പോകുന്ന മക്കള്‍ നായകടി ഏല്ക്കാതെ തിരിച്ച് എത്തണേയെന്ന പ്രാര്‍ഥനയോടെയാണ് മാതാപിതാക്കള്‍ കാത്തിരിക്കുന്നത്.
കുട്ടനാട്ടില്‍ പ്രഭാത നടത്തത്തിന് ഇറങ്ങുന്നവരുടെ എണ്ണം കുറഞ്ഞിരിക്കുന്നു. വൈകുന്നേരങ്ങളിലും പകല്‍സമയം പോലും വഴികളിലൂടെ ഒറ്റയ്ക്ക് നടക്കാന്‍ ആളുകള്‍ ഭയപ്പെടുന്നു. ഇരുചക്രവാഹന യാത്രക്കാരും സൈക്കിള്‍ യാത്രക്കാരും ഭയത്തോടെയാണ് യാത്രക്കിറങ്ങുന്നത്.
ഏതു സമയത്തും എവിടെനിന്നും നായയുടെ ആക്രമണം പ്രതീക്ഷിക്കേണ്ട സാഹചര്യമാണിന്ന് കുട്ടനാട്ടിലെ പല പഞ്ചായത്തുകളിലും നിലനില്‍ക്കുന്നത്. പത്രവിതരണം നടത്തുന്നവര്‍ നായകടി ഭയന്ന് നേരം പുലര്‍ന്ന് കഴിഞ്ഞാണ് പലയിടത്തും പത്രം വിതരണം പോലും നടത്തുന്നത്.
പുളിങ്കുന്ന് പഞ്ചായത്തിലെ മങ്കൊമ്പിലും നെടുമുടി പഞ്ചായത്തിലെ തെക്കേമുറിയിലും തെരുവുനായ ആക്രമണം ഉണ്ടായിട്ട് ആഴ്ചകള്‍ മാത്രം. മങ്കൊമ്പില്‍ തെരുവുനായ നിരവധി ആളുകളെ ആക്രമിച്ചപ്പോള്‍. നെടുമുടിയില്‍ തെരുവുനായ ആക്രമിച്ച കച്ചവടക്കാരന്റെ ധൈര്യപൂര്‍വമായ സമയോചിത ഇടപെടല്‍ പേവിഷബാധയുണ്ടായിരുന്ന നായയുടെ കടിയില്‍നിന്നും നിരവധി ആളുകളെ രക്ഷിച്ചു.
നെടുമുടി പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ റെയാന്സ് ഏജന്‍സീസ് എന്ന സ്ഥാപനം നടത്തുന്ന ടിറ്റോ ജോസഫിനാണ് തന്റെ സ്ഥാപനത്തിന് മുന്നില്‍വച്ച് നായകടിയേറ്റത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകള്‍ ഈ സമയം സ്ഥാപനത്തിനു മുന്നിലുണ്ടായിരുന്നു. തന്നെ ആക്രമിച്ച നായയെ സാഹസികമായി പിടികൂടി ബന്ധിച്ച് മൃഗാശുപത്രിയില്‍ പരിശോധന നടത്തിയതില്‍ നായക്ക് പേവിഷബാധ സ്ഥിരികരിക്കുകയും ചെയ്തു. തുടര്‍ന്ന് ചികിത്സ നേടിയ ഇയാള്‍ ഇപ്പോഴും ഇതിന്റെ ആഘാതത്തില്‍നിന്നു മുക്തനായിട്ടില്ല.
കൂട്ടമായി നടക്കുകയും ആക്രമിക്കുകയും ചെയ്യുന്ന തെരുവുനായ്ക്കളില്‍ ചിലതെങ്കിലും വീടുകളില്‍ വളര്‍ത്തിയിരുന്നതും ഇപ്പോള്‍ തുറന്നുവിട്ടിരിക്കുന്നതുമാണെന്ന് കാണാന്‍ കഴിയും. ഈ തെരുവുനായ്ക്കളുടെ കഴുത്തില്‍ ബെല്‍റ്റുകള്‍ ഇപ്പോഴുമുണ്ട്.
ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അലംഭാവമാണ് ഇപ്രകാരം തെരുവുനായകളുടെ വര്‍ധനവിനു കാരണം. അടിയന്തര നടപടികള്‍ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.