കാർഷിക സെമിനാറും കർഷക പുരസ്കാരങ്ങളും വിതരണം ചെയ്തു
1591925
Monday, September 15, 2025 11:45 PM IST
കലവൂർ: കൃഷിശാസ്ത്രജ്ഞനും പരിസ്ഥിതി സ്നേഹിയുമായിരുന്ന പി.സി. വർഗീസിന്റെ 14-ാം അനുസ്മരണ വാർഷികത്തിന്റെ ഭാഗമായി കാർഷിക സെമിനാറും കർഷക പുരസ്കാരങ്ങളും വിതരണം ചെയ്തു. കലവൂർ ലിറ്റിൽ ഫ്ലവർ നഗറിൽ നടന്ന സമ്മേളനം ടി.ഡി. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി.പദ്മകുമാർ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി രവി പാലത്തിങ്കൽ അധ്യക്ഷത വഹിച്ചു.
സമ്മേളനത്തില്‍ സംസ്ഥാന സർക്കാരിന്റെ കർഷക ഭാരതി ശ്രവ്യ മാധ്യമ പുരസ്കാര ജേതാവ് മുരളീധരൻ തഴക്കര, മികച്ച കുട്ടിക്കർഷകയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയ പാർവതി, മണ്ണഞ്ചേരി പഞ്ചായത്തിലെ മികച്ച കർഷകൻ വി. വിജയൻ, മികച്ച കുട്ടിക്കർഷകൻ അർജുൻ എന്നിവരെ ആദരിച്ചു. മാരാരിക്കുളം മഹാദേവക്ഷേത്ര മൈതാനിയിൽ പി.സി. വർഗീസ് ഫൗണ്ടേഷൻ ഒരുക്കുന്ന പൂന്തോട്ട നിർമാണത്തിന്റെ ആദ്യതൈ ഫാ. മാത്യു മുല്ലശേരിയിൽനിന്ന് ക്ഷേത്രം പ്രസിഡന്റ് ഗോപാലകൃഷ്ണക്കുറുപ്പ് ഏറ്റുവാങ്ങി.
കേരള സാബർമതി സാംസ്കാരിക വേദിയുമായി ചേർന്ന് നടത്തിയ കാർഷിക ക്വിസ്, ചിത്രരചന മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. നഴ്സറി പ്രവർത്തനം എന്ന വിഷയത്തെക്കുറിച്ച് കെ.വി. ദയാൽ ക്ലാസ് എടുത്തു. ഹരികുമാർ വാലേത്ത്, ടി.എസ്. വിശ്വൻ, ഫാ. മാത്യു മുല്ലശേരി, സുനിൽ വർഗീസ്, രാജു പള്ളിപ്പറമ്പിൽ, ജോസഫ് മാരാരിക്കുളം, എം.ഇ. ഉത്തമകുറുപ്പ്, പയസ് നെറ്റോ തുടങ്ങിയവർ പ്രസംഗിച്ചു.