മാലിന്യസംസ്കരണത്തില്‍ ചേപ്പാടിന്റെ കണ്ടെയ്നര്‍ മാതൃക
1592301
Wednesday, September 17, 2025 6:52 AM IST
ആലപ്പുഴ: മാലിന്യസംസ്കരണം കൂടുതല്‍ പ്രകൃതിസൗഹൃദമാക്കി മാതൃകയാവുകയാണ് ചേപ്പാട് പഞ്ചായത്ത്. മാലിന്യം സംഭരിക്കാനുള്ള പഞ്ചായത്തിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികള്‍ (എംസിഎഫ്) ഒരുക്കാന്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ തേടിപ്പോകാതെ പഴയ കണ്ടെയ്നറുകള്‍ കണ്ടെത്തിയാണ് ചേപ്പാട് വേറിട്ട മാതൃക സമ്മാനിച്ചത്.
പഴയ രണ്ടു കണ്ടെയ്നറുകളാണ് അജൈവ മാലിന്യങ്ങൾ സംഭരിക്കുന്ന എംസിഎഫ് കേന്ദ്രമാക്കി പഞ്ചായത്ത് മാറ്റിയത്. പ്രതിമാസം 800 കിലോ അജൈവ മാലിന്യം ഇതിലൂടെ സംഭരിക്കുന്നുണ്ട്. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മാലിന്യ പരിപാലനത്തിനായി കണ്ടെയ്നറുകൾ എത്തിച്ചത്. പഞ്ചായത്തിന്റെ തനത് ഫണ്ടും കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റും ചേർത്ത് 6,48,528 രൂപ ഇതിനായി ചെലവഴിച്ചു.
കണ്ടെയ്നർ ആർക്കിടെക്ചർ സ്ഥാപനമായ ഇന്റഗ്രേറ്റഡ് ലിഫ്റ്റേഴ്സിന്റെ പക്കൽനിന്നാണ് കണ്ടെയ്നറുകൾ വാങ്ങിയത്. മൂന്നാം വാർഡിൽ പഞ്ചായത്തിനു സമീപവും പതിനൊന്നാം വാർഡിൽ ദേശീയപാതയ്ക്കു സമീപം കോട്ടംകോയിക്കൽ ജംഗ്ഷനിലുമാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. 36.31 ക്യൂബിക് മീറ്റർ കപ്പാസിറ്റിയുള്ള കണ്ടെയ്നറിന് 20 അടി ഉയരമുണ്ട്.
14 വാർഡുകളിലെ എംസിഎഫ് പ്രവർത്തനങ്ങളിലൂടെ 28 ഹരിതകർമസേനാംഗ ങ്ങൾക്കാണ് പഞ്ചായത്തില്‍ തൊഴിൽ നൽകുന്നത്. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, പ്ലാസ്റ്റിക് കുപ്പികൾ, ചില്ല് മാലിന്യം തുടങ്ങിയവ ഇവർ സംഭരിക്കും. തുടര്‍ന്ന് ഇവ തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്കും പ്ലാനറ്റ് എർത്ത് എക്കോ സൊല്യൂഷൻസിനും കൈമാറുകയാണ് ചെയ്യുന്നത്.