അനൂപിന് വീട് ഒരുങ്ങുന്നു, ഭൂമിയുടെ ആധാരം മന്ത്രിക്ക് കൈമാറി
1592748
Thursday, September 18, 2025 10:42 PM IST
മാവേലിക്കര: ശരീരമാകെ തളര്‍ന്ന് ഓട്ടോമാറ്റിക് ചെയറില്‍ ലോട്ടറി വ്യാപാരം നടത്തി മാവേലിക്കര സബ് ആര്‍ടി ഓഫീസ് പരിസരത്ത് റോഡ് സുരക്ഷാ ബോധവത്കരണം നടത്തുന്ന ഭിന്നശേഷി യുവാവായ അനൂപിന് മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ വീട് ഒരുങ്ങുന്നു.
അനൂപിന്റെ വാടകവീടിന്റെയും അതിലേക്കു പോകുന്ന വഴിയുടെയും ദയനീയ അവസ്ഥ കണ്ട് മാവേലിക്കര ജോയിന്റ് ആര്‍ടിഒ എം.ജി. മനോജിനന്റെയും സഹ ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമമാണ് അനൂപിന്റെ ചിരകാല സ്വപ്നം സഫലമാക്കുന്നത്.
മന്ത്രി കെ.ബി. ഗണേഷ്കുമാര് മാവേലിക്കരയില്‍ എത്തിയപ്പോള്‍ തന്റെ വീല്‍ചെയറില്‍ അനൂപ് മന്ത്രിയെ കാണാന്‍ എത്തുകയും ദയനീയസ്ഥിതി വിവരിക്കുകയും ചെയ്തിരുന്നു. അന്ന് മന്ത്രി അനൂപിന് ലോട്ടറി വ്യാപാരം നടത്തുവാന്‍ ഡിസ്പ്ലേ റാക്ക് സമ്മാനിച്ചാണ് മടങ്ങിയത്. അനൂപിന്റെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേണ്ടിയുള്ള ശ്രമം തുടരാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് കട്ടച്ചിറ ജോണ്‍ എഫ്. കെന്നഡി സ്കൂളിലെ മാനേജ്മെന്റും അധ്യാപക വിദ്യാര്‍ഥി രക്ഷകര്‍ത്താ കൂട്ടായ്മയും ഒപ്പം നില്‍ക്കുകയും അനൂപിന് സ്ഥലം വാങ്ങി നല്‍കാനായി മുന്നോട്ടുവരികയും ചെയ്തു. മാവേലിക്കരയുടെ ഹൃദയഭാഗത്തുതന്നെ നാലു സെന്റ് വസ്തു അനൂപിനായി അവര്‍ വാങ്ങി നല്കി.
അനൂപിന് വീട് ഒരുക്കാന്‍ ജീവകാരുണ്യ പ്രവര്‍ത്തകനായ വിദേശ വ്യവസായി പമ്പാവാസന്‍ നായരുടെ നേതൃത്വത്തിലുള്ള സിഎംഎന്‍ ട്രസ്റ്റ് പാലക്കാട് സന്നദ്ധമായി മുന്നോട്ടുവന്നു. അനേകം വ്യക്തികളും സ്ഥാപനങ്ങളും അനൂപിന്റെ വീട്ടിലേക്കുള്ള ഉപകരണങ്ങളും ഫര്‍ണീച്ചറുകളും സ്പോണ്സര് ചെയ്തിട്ടുണ്ട്.
അനൂപിനായി വാങ്ങിയ ഭൂമിയുടെ ആധാരം ഗതാഗതമന്ത്രിക്ക് എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ, അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ എന്നിവരുടെ സാന്നിധ്യത്തില്‍, ജോണ്‍ എഫ്. കെന്നഡി സ്കൂള്‍ മാനേജര്‍ സിറിലും മാതാവും ചേര്‍ന്ന് കൈമാറി. ഗതാഗത മന്ത്രിയുടെ ഓഫീസില്‍വച്ച് നടന്ന ചടങ്ങില്‍ മാവേലിക്കര ജോയിന്റ് ആര്‍ടിഒ എംജി മനോജ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സജു പി. ചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
അനൂപിന് വീട് ഒരുക്കാന്‍ തന്റെ വകുപ്പിലെ ജീവനക്കാര്‍ മുന്നിട്ടിറങ്ങിയതിനെ മന്ത്രി പ്രശംസിച്ചിരുന്നു. ഈ ഉദ്യമത്തിന് മുന്‍കൈയെടുത്ത ഗതാഗതമന്ത്രി തന്നെ തന്റെ വീടിന് തറക്കല്ലിടണം എന്നാണ് അനൂപിന്റെ ആഗ്രഹം.