കായംകുളം റെയിൽവേ സ്റ്റേഷനോട് അവഗണന: പ്രതിഷേധം ഉയരുന്നു
1592476
Wednesday, September 17, 2025 11:32 PM IST
കായംകുളം: തീരദേശത്തെയും മധ്യതിരുവിതാംകൂറിലെയും പ്രധാന സ്റ്റേഷനായ കായംകുളം ജംഗ്ഷൻ റയിൽവേ സ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരേ ജനകീയ പ്രതിഷേധം ഉയരുന്നു. കാൽലക്ഷം പേരുടെ ഒപ്പുശേഖരണം നടത്താൻ റയിൽവേ ആക്ഷൻ കൗൺസിൽ തീരുമാനിച്ചു. അവഗണന അവാസാനിപ്പിക്കുക, വന്ദേഭാരത് രാജധാനി അടക്കമുള്ള എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കുക തുടങ്ങിയ 26 ആവശങ്ങൾ ഉന്നയിച്ച് റെയിൽവേ മന്ത്രാലയത്തിന് നിവേദനം നൽകാൻ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ 20ന് കാൽലക്ഷം പേരുടെ ഒപ്പുശേഖരണം നടത്തും. വൈകിട്ട് 4ന് കായംകുളം റെയിവേ സ്റ്റേഷനു മുന്നിലാണ് ഒപ്പുശേഖരണം.
ആലപ്പുഴയിൽനിന്നു രാവിലെ 6.30നുശേഷം കായംകുളം ഭാഗത്തേക്കുള്ള ഇന്റർസിറ്റി പുറപ്പെട്ട് കഴിഞ്ഞാൽ പിന്നീട് ഈ വഴി മറ്റ് ട്രെയിനുകളില്ല. രാവിലെ 9.30ന് ആലപ്പുഴയിലെത്തുന്ന എറണാകുളം -ആലപ്പുഴ പാസഞ്ചർ കായംകുളത്തേക്ക് നീട്ടുകയാണങ്കിൽ യാത്രക്കാർക്ക് ഏറെ ഗുണം ചെയ്യും. രാവിലെ 11.30ന് കായംകുളത്ത് എത്തുന്ന നേത്രാവതി എക്സ്പ്രസ് കഴിഞ്ഞാൽ വൈകുന്നേരം 6.30ന് മാത്രമേ ആലപ്പുഴ ഭാഗത്തേക്ക് ട്രെയിൻ സർവീസ് ഉള്ളൂ.
കോവിഡ് കാലത്ത് നിർത്തിവച്ച എറണാകുളം- കായംകുളം പാസഞ്ചർ ഇതുവരെ പുനരാരംഭിച്ചിട്ടില്ല. മാത്രമല്ല, റെയിൽവേയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം നേടിത്തരുന്ന മധ്യതിരുവിതാംകൂറിലെ പ്രധാന സ്റ്റേഷനുകളിൽ ഒന്നായ കായംകുളത്ത് വന്ദേ ഭാരത് ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടില്ല.
ദേശീയപാതയിൽ നിർമാണം നടക്കുന്നതിനാൽ യാത്ര ദുഷ്കരമായതിനാൽ യാത്രക്കാർ കൂടുതലായും ട്രെയിനുകളെയാ ണ് ആശ്രയിക്കുന്നത്. ജംഗ്ഷൻ റയിൽവേ സ്റ്റേഷൻ ആണെങ്കിലും വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ സ്റ്റേഷനിൽ ഏർപ്പെടുത്തിയിട്ടില്ല.ഇപ്പോൾ സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയണ്. കൂടുതൽ ടിക്കറ്റ് കൗണ്ടറുകളും യാത്രക്കാർക്ക് ശീതീകരിച്ച വിശ്രമമുറികളൂം ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.