അനധികൃത ഡ്രോണുകൾ: പരാതി നൽകിയിട്ടും നടപടിയില്ല
1592472
Wednesday, September 17, 2025 11:32 PM IST
അന്പലപ്പുഴ: രാജ്യസുരക്ഷയെ ബാധിക്കുന്ന അനധികൃത ഡ്രോണുകൾ കുട്ടനാടൻ പാടശേഖരങ്ങളുടെ മുകളിൽ. പരാതി നൽകിയിട്ടും നടപടിയില്ല. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പുറക്കാട് കൃഷിഭവന്റെ പരിധിയില്‍ കൊച്ചുപുത്തന്കരി പാടശേഖരത്തില്‍ വിത്ത് വിതയ്ക്കുന്നതിനിടെ രഹസ്യാന്വേഷണ വിഭാഗം പിടികൂടി അമ്പലപ്പുഴ പോലീസിന് കൈമാറിയെങ്കിലും രാഷ്ട്രീയ ഇടപെടലിനെത്തുടർന്ന് നടപടി എടുക്കാതെ ഡ്രോൺ വിട്ടുകൊടുത്തത് വിമർശനങ്ങൾക്ക് കാരണമായിരുന്നു.
രാജ്യസുരക്ഷയുടെ ഭാഗമായി വിദേശനിർമിത ഡ്രോണുകൾ ഇറക്കുമതി ചെയ്യുന്നത് 2022ൽ കേന്ദ്രസർക്കാർ നിരോധിച്ചതാണ്. എന്നാൽ, ചൈനയിൽനിന്നു സ്പെയറുകൾ ഇറക്കുമതി ചെയ്ത് ബംഗളൂരുവിൽ അസംബ്ലി ചെയ്ത നാല് ഡ്രോണുകൾ കോട്ടയം, ആലപ്പുഴ ജില്ലകളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അംഗീകാരമുള്ള ഡ്രോണുകൾക്ക് മാത്രമാണ് ഇവിടെ പ്രവർത്തിപ്പിക്കാൻ അനുമതിയുള്ളത്.
ഇത് പ്രവർത്തിപ്പിക്കുന്ന ഓപ്പറേറ്റർമാർക്ക് ഡ്രോൺ പൈലറ്റ് ട്രെയിനിംഗ് സർട്ടിക്കിക്കറ്റ് നിർബന്ധമാണ്. നെറ്റ് ഉപയോഗിച്ചാണ് ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നത്. ഇതിലെ യൂനിക്ക് ഐഡന്റിഫിക്കേഷൻ നമ്പരുകൾ ഉപയോഗിച്ച് ഡ്രോണുകളുടെ ഉടമസ്ഥാവകാശം കണ്ടെത്താൻ കഴിയും. എന്നാൽ, അംഗീകാരമില്ലാത്ത ഡ്രോണുകള്‍ക്ക് യൂനിക് ഐഡന്റിഫിക്കേഷൻ നമ്പരുകൾ ലഭിക്കില്ല. അതുകൊണ്ടുതന്നെ ഇത്തരം ഡ്രോണുകളുടെ വിവരങ്ങൾ പോലീസിനും മറ്റും ശേഖരിക്കാൻ കഴിയില്ല.
കൂടാതെ നെറ്റുകൾ ഉപയോഗിച്ചാണ് ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നത്. പ്രദേശത്തിന്റെ ഭൂപ്രകൃതിയും മറ്റ് വിവരങ്ങളും സർവറുകളിൽ അപ്ലോഡ് ചെയ്തതിനുശേഷമേ ഡ്രോണുകൾ പ്രവർത്തിപ്പിക്കാൻ കഴിയുകയുളളൂ. അനധികൃത ഡ്രോണുകളുടെ സർവറുകൾ ചൈന കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. അങ്ങനെ അവിടെയുള്ള സർവറിൽനിന്നു ഡ്രോൺ പ്രവർത്തിക്കുന്ന പ്രദേശത്തെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തിയെടുക്കാനാകും.
കഴിഞ്ഞദിവസം ഡി.ജെ എന്ന കമ്പനിയുടെ ഡ്രോണാണ് രഹസ്യാന്വേഷണവിഭാഗം പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. എന്നാൽ, തൊട്ടടുത്ത ദിവസങ്ങളിലും ഇതേ ഡ്രോൺ പാടശേഖരങ്ങളിൽ പ്രവർത്തിപ്പിച്ചിരുന്നു. അനധികൃത ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനെതിരേ വ്യാപക പരാതി ഉണ്ടെങ്കിലും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല.