വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ലബോറട്ടറി; അന്തിമാനുമതി നൽകണമെന്ന് കെ.സി. വേണുഗോപാൽ എംപി
1592297
Wednesday, September 17, 2025 6:52 AM IST
ആലപ്പുഴ: വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതുതായി നിര്‍മിച്ച ബയോസേഫ്റ്റി ലെവല്‍-3 ലബോറട്ടറിയുടെ സര്ട്ടിഫിക്കേഷന് നടപടികള്‍ക്ക് അന്തിമാനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാല്‍ എംപി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയ്ക്ക് കത്തു നല്കി.
അമീബിക് മസ്തിഷ്ക ജ്വരം പടര്‍ന്നുപിടിക്കുന്ന ഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഇവ ഉള്‍പ്പെടെയുള്ള ജലജന്യരോഗങ്ങളുടെ നിര്‍ണയങ്ങള്‍ക്ക് അത്യാധുനിക സംവിധാനങ്ങളോടെ സജ്ജീകരിച്ചിരിക്കുന്നതാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്. ഇതിനുപരിയായി നിപ്പാ വൈറസ്, പക്ഷിപ്പനി, കുരങ്ങ് പനി തുടങ്ങിയ ഗുരുതരരോഗങ്ങളുടെ പരിശോധനയും രോഗനിര്‍ണയവും നടത്താനുള്ള സൗകര്യവും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. അതിനാല്‍ അടിയന്തര സാഹചര്യം കണക്കിലെടുത്ത് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും വേണുഗോപാല്‍ കത്തില്‍ ആവശ്യപ്പെട്ടു.