ദേശീയപാതയിൽ ശുദ്ധജലം പാഴാകുന്നു; സമരവുമായി കോൺഗ്രസ്
1592746
Thursday, September 18, 2025 10:42 PM IST
അമ്പലപ്പുഴ: ദേശീയപാതയിൽ അധികൃതരുടെ അനാസ്ഥമൂലം ശുദ്ധജലം പാഴാകുന്നതിൽ സമരവുമായി കോൺഗ്രസ്. ദേശീയപാത പുനർനിർമാണത്തിന്റെ ഭാഗമായി നിർമാണ കമ്പനിയുടെ അനാസ്ഥമൂലം ശുദ്ധജലവിതരണത്തിന്റെ പൈപ്പുകൾ നിരവധി സ്ഥലങ്ങളിൽ പൊട്ടി വെള്ളം പാഴായിട്ടും കമ്പനി അധികൃതരും ബന്ധപ്പെട്ട സർക്കാർ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും മൗനം തുടരുന്നത് ദുരൂഹമാണെന്ന് അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.
പുറക്കാട് ജംഗ്ഷനിലും അയ്യൻകോയിക്കൽ ക്ഷേത്രത്തിന് തെക്ക് ഭാഗത്തും കരൂർ ഗാബീസ് പമ്പിന് മുന്നിലും പായൽക്കുളങ്ങര കൽവർട്ടിനോട് ചേർന്നും കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ദിവസങ്ങൾ ഏറെയായി. നിരവധി തവണ ബന്ധപ്പെട്ട അധികാരികളോട് പരാതി അറിയിച്ചിട്ടും നടപടി ഉണ്ടാവാത്തത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണ്. അനാസ്ഥ തുടർന്നാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രത്യക്ഷ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ബ്ലോക്ക് പ്രസിഡന്റ് ടി.എ. ഹാമിദ് അറിയിച്ചു.