ചാംപ്യന്‍സ് ലീഗിന് ഇന്നു തുടക്കം; കൈവിരിച്ച് കൈനകരി
1592749
Thursday, September 18, 2025 10:42 PM IST
ചമ്പക്കുളം: ഇത്തവണത്തെ ചാംപ്യന്‍സ് ബോട്ട് ലീഗിന് തുഴച്ചിലുകാരുടെ നാട്ടിൽ തുടക്കമാകും. കൈനകരി തുഴച്ചില്‍കാരുടെയും മത്സ്യത്തൊഴിലാളികളുടെയും നാടാണ്. ഏറ്റവും കൂടുതല്‍ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുള്ള കേരളത്തിലെ ഗ്രാമ പഞ്ചായത്ത് എന്ന വിശേഷണമുള്ള കൈനകരിക്കു ചാമ്പ്യന്‍സ് ബോട്ട് ലീഗിന് വേണ്ട സൗകര്യം ഒരുക്കാന്‍ ലഭിച്ചത് അഞ്ചു ദിവസം മാത്രം. എങ്കിലും അതു വെല്ലുവിളിയായി ഏറ്റെടുത്ത് ഒരുക്കങ്ങൾ പൂർത്തീകരിച്ചിരിക്കുകയാണ് കൈനകരിയിലെ സംഘാടകർ.
മത്സരത്തിന് യോഗ്യത നേടിയ ചുണ്ടന് വള്ളങ്ങളുടെയും ക്ലബുകളുടെയും പട്ടികയ്ക്കു സിബിഎല്‍ യോഗത്തില്‍ അംഗീകാരമായതോടെയാണ് സിബിഎല്‍ രൂപരേഖ തയാറാക്കിയതും ഉദ്ഘാടനം കൈനകരിയില്‍ തീരുമാനിച്ചതും.
ജങ്കാർ പവിലിയൻ
മറ്റ് വേദികളില്‍നിന്നു വ്യത്യസ്തമായി കരയില്‍ പവിലിയന് നിര്‍മിക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ പമ്പയാറ്റില്‍ തന്നെയാണ് വലിയ ജങ്കാര്‍ ഉപയോഗിച്ചു പവിലിയന് നിര്‍മിച്ചത്. രണ്ട് വലിയ ജങ്കാറുകളിലായിട്ടാണ് പവിലിയനുകള്‍. സ്ഥലസൗകര്യങ്ങളുടെ അപര്യാപ്ത ചൂണ്ടിക്കാട്ടി ചിലർ എതിർത്തെങ്കിലും കൈനകരിയുടെ വള്ളംകളി പാരമ്പര്യവും ക്ലബുകളുടെ പ്രാധാന്യവുമാണ് സിബിഎല്‍ ഉത്ഘാടന മത്സരം കൈനകരിയില്ത്തന്നെ നടത്താൻ തുണയായത്.
കൈനകരി കരുത്ത്
കഴിഞ്ഞ നാലു സീസണുകളിലും കൈനകരി പഞ്ചായത്ത് പരിധിക്കു പുറത്തേക്കു സിബിഎല്‍ ട്രോഫി പോയിട്ടില്ല. കഴിഞ്ഞ നാല് സീസണുകളിലും പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് സിബിഎല്‍ ട്രോഫി നേടിയത്. ഇത്തവണത്തെ നെഹ്റു ട്രോഫിയില്‍ മുത്തമിട്ട കൈനകരിയുടെതന്നെ വില്ലേജ് ബോട്ട് ക്ലബ് വളളം കളിയിലെ പുതിയ ചാമ്പ്യനാകാനുള്ള ഒരുക്കത്തിലാണ്.
കൈനകരിയിലെതന്നെ യുബിസിയും കൈനകരിയുടെ ഭാഗമായ വേണാട് ബോട്ട് ക്ലബുമെല്ലാം വള്ളംകളി രംഗത്ത് ആവേശം നിറച്ചവരാണ്. ആലപ്പുഴ പുന്നമടക്കായലില്‍ അരങ്ങേറുന്ന നെഹ്റു ട്രോഫി മത്സര വള്ളംകളിയുടെ ആദ്യ മത്സരം നടന്നത് കൈനകരിയിലെ മീനപ്പള്ളി കായലില്‍ ആയിരുന്നു എന്നത് കൈനകരിയുടെ വള്ളംകളി പാരമ്പര്യത്തിന്റെ പകിട്ടേറ്റുന്നു.
മത്സരം അരങ്ങേറുന്ന പമ്പാ നദിയുടെ ഇരുകരകളിലും വഴികളുണ്ട്. ഇതു വള്ളംകളി കാണാന്‍ എത്തുന്നവര്‍ക്കു സൗകര്യമാകും. ട്രാക്കും മറ്റ് സൗകര്യങ്ങളും റെഡിയായിക്കഴിഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തി പോലീസ് സേനയെ കൈനകരിയിലും സമീപപ്രദേശങ്ങളിലും വള്ളംകളിയുടെ സുഗമമായ നടത്തിപ്പിനായി വിന്യസിക്കും. ആലപ്പുഴ എടിഒ, ആര്‍ടിഒ, എക്സൈസ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റ് തുടങ്ങി വിവിധ വകുപ്പുകളും രംഗത്തുണ്ട്.
ഉദ്ഘാടനം മന്ത്രി
മുഹമ്മദ് റിയാസ്
നിര്‍വഹിക്കും
ആലപ്പുഴ: ചാമ്പ്യന്‍സ് ബോട്ട് ലീഗ് സീസണ്-5 സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് നാലിന് കൈനകരി പമ്പയാറ്റില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. മന്ത്രി പി. പ്രസാദ് അധ്യക്ഷനാകും. മന്ത്രി സജി ചെറിയാന് മുഖ്യാതിഥിയാകും.
കൊടിക്കുന്നില്‍ സുരേഷ് എംപി വിശിഷ്ടാതിഥിയാകും. തോമസ് കെ. തോമസ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ ശ്രീധന്യ സുരേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
ഉച്ചയ്ക്കു രണ്ടിന് കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ് പതാക ഉയര്‍ത്തും. 2.30 മുതല്‍ ചുണ്ടന് വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്‍. ഒമ്പത് ചുണ്ടന്‍വള്ളങ്ങളാണ് മത്സരിക്കുന്നത്.