വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് പുതിയ പദ്ധതി
1592470
Wednesday, September 17, 2025 11:32 PM IST
അമ്പലപ്പുഴ: സംസ്ഥാനത്ത് സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും സബ് സെന്ററുകളിലും സ്ത്രീകൾക്കും കുട്ടികൾക്കും വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി പുതിയ പദ്ധതി നിലവിൽ വന്നു. സ്ത്രീ എന്ന പേരിലാണ് പദ്ധതിയാരംഭിച്ചിരിക്കുന്നത്. പദ്ധതി പ്രകാരം ഇനിമുതൽ എല്ലാ സബ്സെന്ററിലും വിദഗ്ധ പരിശോധനയും ലഭ്യമാകും.
ആഴ്ചയിലൊരിക്കൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്ലിനിക് പ്രവർത്തിക്കും. കൂടാതെ അയൽക്കൂട്ട പരിശോധന എന്ന പേരിൽ എല്ലാ വാർഡിലുമെത്തി പരിശോധനയും ബോധവത്കരണവും നടത്തും. സബ് സെന്ററുകളിൽ 10 തരം പരിശോധനകൾ ലഭ്യമാകും. സാമൂഹികാരോഗ്യകേന്ദ്രങ്ങളിൽ ജനറൽ മെഡിസിൻ കൂടാതെ സൈക്യാട്രി, ഗൈനക്ക്, ത്വക്, ഡന്റൽ എന്നിവയുടെ വിദഗ്ധ പരിശോധനകളും ഇനിമുതൽ ലഭ്യമാണ്.
സബ് സെന്ററുകൾ മുഖേന 36 ഇനം മരുന്നുകളും ലഭ്യമാക്കും. പദ്ധതിയുടെ പുറക്കാട് പഞ്ചായത്തുതല ഉദ്ഘാടനം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്. ജിനുരാജ് നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ഷിബു സുകുമാരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ മനോജ്, സുഭാഷ്, മെഡിക്കൽ ഓഫീസർ ഡോ. ഹരിശങ്കർ, ഹെൽത്ത് ഇൻസ്പെക്ടർ ജിനു സുധാകർ എന്നിവർ പ്രസംഗിച്ചു.