പച്ചത്തുരുത്തിൽ ചെന്നിത്തല ഒന്നാമത്
1592471
Wednesday, September 17, 2025 11:32 PM IST
മാന്നാർ: ഹരിതകേരളം മിഷന്റെ നവകേരളം കർമ പദ്ധതി-2 ന്റെ ഭാഗമായി വിദ്യാലയങ്ങളിൽ നടത്തിയ പച്ചത്തുരുത്ത് രൂപവത്കരണത്തിൽ സ്കൂൾ തലത്തിൽ ചെന്നിത്തല ജവഹർ നവോദയ വിദ്യാലയം ഒന്നാം സ്ഥാനം നേടി. സ്കൂളിൽ പച്ചത്തുരുത്തു സ്ഥാപിക്കാമെന്നുള്ള ആശയം ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രനാണ് മുന്നോട്ടുവച്ചത്. അന്നത്തെ പ്രിൻസിപ്പൽ സി.എച്ച്. ദിനേശൻ ഇതിനായി 10 സെന്റ് സ്ഥലം അനുവദിച്ചു.
2023 ജൂൺ അഞ്ചിനാണ് സ്കൂളിൽ പച്ചത്തുരുത്ത് സ്ഥാപിച്ചത്. 10 സെന്റ് സ്ഥലത്ത് തുടങ്ങിയ പച്ചത്തുരുത്ത് ഇന്ന് 40 സെന്റോളം വ്യാപിച്ചിട്ടുണ്ട്. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ തൊഴിലുറപ്പിന്റെ സഹായത്തോടെ പ്രവർത്തനം ഏറ്റെടുക്കുകയായിരുന്നു.
കാടുപിടിച്ചുകിടന്ന സ്ഥലം വൃത്തിയാക്കി കൃഷി തുടങ്ങി. വെള്ളത്തിന്റെ ദൗർലഭ്യം കാരണം ആദ്യം നട്ട തൈകൾ വേനൽക്കാലത്തു നശിച്ചു. പിന്നീട് വനം വകുപ്പിന്റെ സഹായത്തോടെ കൂടുതൽ തൈകൾ ലഭ്യമാക്കി റീപ്ലാന്റേഷൻ പച്ചത്തുരുത്തു ചെയ്യുകയായിരുന്നു.
സംരക്ഷണത്തിനായി സംഘാടകസമിതി രൂപവത്കരിച്ച് സ്കൂൾ അധ്യാപകനായ വി. പ്രദീപ് കുമാറിനെ പദ്ധതി കോ-ഓർഡിനേറ്ററായി തെരഞ്ഞെടുത്തു. വനംവകുപ്പിന്റെ സഹായത്തോടെ ഹൈബ്രിഡ് തൈകൾ നട്ടു. റെസിഡൻഷ്യൽ സ്കൂൾ ആയതിനാൽ കുട്ടികൾ നല്ലരീതിയിൽ പരിപാലനം നടത്തുന്നുണ്ട്. ആദ്യ ഘട്ടത്തിൽ പേര, മാവ്, ചാമ്പ, പതിമുഖം, പ്ലാവ്, നെല്ലി തുടങ്ങിയ ഫലവൃക്ഷങ്ങളാണ് നട്ടത്. ഇപ്പോൾ അശോകം, ദന്തപ്പാല, റംബൂട്ടാൻ, പനിനീർ ചാമ്പ, സപ്പോട്ട, ഔഷധസസ്യങ്ങൾ തുടങ്ങിയവയും നട്ടിട്ടുണ്ട്. തുടക്കത്തിൽ 30 തൈകളായിരുന്നത് ഇപ്പോൾ 120തൈകൾ കൂടി നട്ട് 150 തൈകളായി.
മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. അവരുടെ ഇടപെടലുകൾ, പ്രത്യേകിച്ച് ഉത്തർപ്രദേശ് സ്വദേശികളായ കുട്ടികളുടെ കൃഷിയിലുള്ള അറിവ് കൃഷിക്കും പച്ചത്തുരുത്തിനും ഏറെ സഹായകമാണ്.
ജൈവവളങ്ങൾ ഉപയോഗിച്ചുള്ള കൃഷിരീതികൾ അവലംബിക്കുന്നു. തുടർച്ചയായ രണ്ടുവർഷങ്ങളിൽ മാസ്റ്റർ ജഗന്നാഥ്, കുമാരി ആവണി ഗിരീഷ് എന്നിവ മികച്ച വിദ്യാർഥി കർഷകർക്കുള്ള അവാർഡ് നേടി. പ്രിൻസിപ്പൽ ജോളി ടോമി, കോ-ഓർഡിനേറ്റർ വി. പ്രദീപ്കുമാർ എന്നിവർ കുട്ടികൾക്കുവേണ്ട മാർഗനിർദേശം നൽകുന്നു. മുഖ്യമന്ത്രി പിണറായി വിജയനിൽനിന്നും വിദ്യാർഥികൾ അവാർഡ് ഏറ്റുവാങ്ങി.