ആലപ്പുഴ നഗരത്തില്‍ ഇന്നലെ സ്വകാര്യബസുകള്‍ ഓടിയില്ല
1592745
Thursday, September 18, 2025 10:42 PM IST
ആലപ്പുഴ: മണ്ണഞ്ചേരി-ആലപ്പുഴ-ഇരട്ടകുളങ്ങര റൂട്ടില്‍ സര്‍വീസ് നടത്തിവരുന്ന മുപ്പത് സ്വകാര്യബസുകള്‍ ഇന്നലെ ഓടിയില്ല. ജില്ലാക്കോടതിപ്പാലം പൊളിച്ചപ്പോള്‍ ബദലായി നിര്‍ദേശിച്ച റൂട്ടില്‍ ആയിരം രൂപ പ്രതിദിനം നഷ്ടം വരുന്നതിനാലാണ് ഇന്നലെ സര്‍വീസ് നിര്‍ത്തിവച്ച് പ്രതിഷേധിച്ചത്. കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് ജില്ലാ കമ്മിറ്റിയാണ് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.
പുതിയ റൂട്ടില്‍ ചേര്‍ത്തല കനാലിന് മീതെ പോപ്പി പാലത്തിന് അപ്രോച്ച് റോഡ് പണിയുന്നതിനുവേണ്ടി റോഡ് കുത്തിപ്പൊളിച്ചും റോഡില്‍ ഈ ഭാഗത്ത് മെറ്റലും പൂഴിയും ഇറക്കിയിരിക്കുന്നതു മൂലം മഴയില്‍ കുഴഞ്ഞ് വാഹനങ്ങള്‍ താഴ്ന്നുപോകാന് ഇടയാക്കുന്നതായും കൂടതല്‍ ദൂരം ഓടേണ്ടി വരുന്നതുമൂലം സമയക്ലിപ്തത പാലിക്കാന്‍ സാധിക്കാതെ വരുന്നത് ജീവനക്കാരും മറ്റ് വാഹന ഉടമകളും തമ്മില്‍ വാക്കേറ്റത്തിനു കാരണമാകുന്നതായും കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് കുറ്റപ്പെടുത്തുന്നു.
പോലീസിന്റെ ഇടപെടല്‍ അനിവാര്യമാണെന്നും റോഡില്‍ കൂട്ടിയിട്ടിരിക്കുന്ന നിര്‍മാണ സാമഗ്രികള്‍ അടിയന്തരമായി നീക്കം ചെയ്ത് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും ബസ് ജീവനക്കാരും ഉടമകളും ആവശ്യപ്പെട്ടു. അപ്രോച്ച് റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ നഗരചത്വരത്തിനുള്ളില്‍ കൂടിയുള്ള റോഡ് സ്വകാര്യബസുകള്‍ക്ക് യാത്രയ്ക്ക് അനുവദിക്കണമെന്ന് കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി.ജെ. കുര്യനും സെക്രട്ടറി എസ്.എം. നാസറും ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം അസോസിയേഷന് ഭാരവാഹികളായ ബിജു ദേവിക, സുനീര്‍ ഫിര്‍ദോസ്, സനല്‍ സലിം എന്നിവര്‍ ചേര്‍ന്ന് ജില്ലാ കളക്ടര്‍, ആര്‍ടിഒ, ഡിവൈഎസ്പി എന്നിവര്‍ക്ക് സമര്‍പ്പിച്ചു.