ചപ്പുചവറുകള്‍ക്കിടയില്‍ പാമ്പ്: പ്രതിഷേധിച്ചു
1591921
Monday, September 15, 2025 11:45 PM IST
ആലപ്പുഴ: കിടങ്ങാംപറമ്പ്-കോര്‍ത്തശേരി റോഡ് വക്കില്‍ കൂട്ടിയിട്ടിരിക്കുന്ന ചവര്ക്കൂനയ്ക്കിടയില് പാമ്പിനെ കണ്ടെത്തിയതില്‍ തത്തംപള്ളി റസിഡന്റ്സ് അസോസിയേഷന് പ്രതിഷേധിച്ചു. റോഡില്‍നിന്ന് തൂത്തുവാരുന്ന ചപ്പുചവറും വീട്ടുകാര്‍ പണം കൊടുത്ത് മുനിസിപ്പാലിറ്റിക്ക് കൈമാറുന്ന പ്ലാസ്റ്റിക്കും റോഡുവക്കില്‍ തന്നെ ഉത്തരവാദിത്തമില്ലാതെ അലക്ഷ്യമായി കൂട്ടിയിടുന്നതും തികച്ചും വൃത്തിഹീനവും അപകടകരവുമാണെന്ന് തത്തംപള്ളി റസിഡന്റ്സ് അസോസിയേഷന് കുറ്റപ്പെടുത്തി.
കാറ്റിലും മഴയിലും അടുത്തദിവസംതന്നെ വീണ്ടും പരക്കുകയും ചാക്കില്‍ പൊതിഞ്ഞ മാലിന്യങ്ങള്‍ അലഞ്ഞുതിരിയുന്ന നായ്ക്കള്‍ കടിച്ചു പറിച്ചിടുമെന്നും അസോസിയേഷന് ചൂണ്ടിക്കാട്ടി.
ശേഖരിക്കുന്ന മാലിന്യം നിര്‍മാര്‍ജനം ചെയ്യണമെന്നുള്ള വര്‍ഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യം നടപ്പിലാക്കാത്തത് നാട്ടുകാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ക്കു കാരണമാകുന്നതായും ഇത്തരം മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയില്‍ പാമ്പ്, എലി, കീരി തുടങ്ങിയ ക്ഷുദ്രജീവികളുടെ മേളമാണ്. രാത്രിയില്‍ സ്ട്രീറ്റ് ലൈറ്റും കൂടെ ഇല്ലെങ്കില്‍ അപകടസാധ്യത വര്‍ധിക്കുമെന്നും അസോസിയേഷന് ചൂണ്ടിക്കാട്ടി.