അപ്രോച്ച് റോഡുകള്‍ ഇടിഞ്ഞുതാഴുന്നു
1591927
Monday, September 15, 2025 11:45 PM IST
ചമ്പക്കുളം: കുട്ടനാട്ടിലെ ചില പ്രധാന പാലങ്ങളുടെ അപ്രോച്ച് റോഡുകൾ ഇടിഞ്ഞുതാഴുന്നതായി പരാതി.
ഇതുമൂലം പാലവും അപ്രോച്ച് റോഡും തമ്മിലുള്ള പൊക്ക വ്യത്യാസം അപകടസാധ്യത കൂട്ടുകയാണ്. രാത്രിയില്‍ യാത്ര ചെയ്യുന്ന സ്ഥലപരിചയമില്ലാത്തവരുടെ വാഹനങ്ങളാണ് പലപ്പോഴും അപകടത്തിലാവുന്നത്.
പുളിങ്കുന്ന്- ചമ്പക്കുളം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മങ്കൊമ്പ് സിവില്‍ സ്റ്റേഷന് പാലവും നെടുമുടി- ചമ്പക്കുളം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചമ്പക്കുളം പള്ളിപ്പാലവുമാണ് ഇതില്‍ പ്രധാനം. മങ്കൊമ്പ് സിവില്‍ സ്റ്റേഷന് പാലം വാഹന ഗതാഗതത്തിനു തുറന്നു കൊടുത്തശേഷം പലതവണ അപ്രോച്ച് റോഡ് ഉയര്‍ത്തിയെങ്കിലും ഇപ്പോഴും ഉയരവ്യത്യാസം വലുതാണ്.
പുളിക്കുന്ന്, കാവാലം, നീലംപേരൂര്‍ പഞ്ചായത്തുകളെ കുട്ടനാടിന്റെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതില്‍ പ്രധാനമാണ് ഈ പാലം. കുട്ടനാടിന്റെ പ്രകൃതിക്ക് ഇണങ്ങാത്ത അമിതഭാരം കയറ്റിയ ടോറസ് ഉൾപ്പെടെയുള്ള ലോറികൾ പതിവായി സഞ്ചരിക്കുന്നതാണ് റോഡ് ഇടിഞ്ഞുതാഴാൻ പ്രധാന കാരണമെന്നു നാട്ടുകാർ പറയുന്നു.
അപകടത്തിനു
കാത്തിരിക്കണോ?
നിരവധി സ്കൂളുകളും ആരാധനാലയങ്ങളും പൊതുസ്ഥാപനങ്ങളും ഹോസ്പിറ്റലുകളും സ്ഥിതി ചെയ്യുന്ന ചമ്പക്കുളത്ത് അപ്രോച്ച് റോഡില്‍ വാഹനങ്ങള്‍ പാലത്തിലേക്കു പെട്ടെന്നു കയറാനാവാതെ നിന്നു പോകുമ്പോള്‍ പിന്നാലെ എത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. കുറച്ചുനാൾ മുന്‍പ് കമ്പികയറ്റിവന്ന ലോറിയുടെ മുൻഭാഗം ഉയർന്നതിനെത്തുടർന്നു കമ്പിക്കെട്ട് പിന്നോട്ടു വീണ് അപകടമുണ്ടായി.
പിന്നാലെ വന്ന വാഹനം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പടഹാരം പാലവും കഞ്ഞിപ്പാടം പാലവും നിര്മിച്ചിരിക്കുന്നതുപോലെ പാലത്തിന്റെ കോണ്‍ക്രീറ്റ് സ്പാന്‍ റോഡ് നിരപ്പു വരെ എത്തിക്കുക മാത്രമേ ഇതിനു പരിഹാരമുള്ളെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു. മങ്കൊമ്പ് സിവില്‍ സ്റ്റേഷന് പാലം, ചമ്പക്കുളം പള്ളി പാലം എന്നിവയുടെ ഇരുകരകളിലും ആവശ്യമായ കോണ്‍ക്രീറ്റ് സ്പാനുകള്‍ നിര്‍മിച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സ്പാനുകൾ പരിഹാരം
ചമ്പക്കുളം പള്ളിപാലത്തിന്റെ അപ്രോച്ച് റോഡ് ആഴത്തിൽ ഇടിഞ്ഞ് അപകടത്തിലായതോടെ കഴിഞ്ഞ മാര്‍ച്ചിൽ നടത്തിയ അറ്റുകുറ്റപ്പണി നടത്തിയിരുന്നു. എന്നിട്ടും റോഡും പാലവും തമ്മിലുള്ള നല്ല ഉയരവ്യത്യാസമുണ്ട്. ചമ്പക്കുളം ബസിലിക്കയുടെ സമീപത്തെ പാലം തുറന്നു നൽകിയ കാലം മുതല്‍ കൃത്യമായ ഇടവേളകളില്‍ അപ്രോച്ച് ഇടിഞ്ഞുതാഴ്ന്നിരുന്നു. ഓരോ തവണയും താത്കാലിക മരാമത്ത് പണികള്‍ ചെയ്താണ് യാത്രാസൗകര്യം ഒരുക്കുന്നത്.
പാലത്തിന്റെ നിര്‍മാണ കാലം മുതല്‍തന്നെ പാലത്തിന്റെ പടിഞ്ഞാറേക്കരയില്‍ ഒരു സ്പാന്‍കൂടി നിര്‍മിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എസി റോഡിന്റെ പുനരുദ്ധാരണത്തിനു ശേഷം കുട്ടനാട്ടിലെ ചമ്പക്കുളം പള്ളി പാലം ഉള്‍പ്പെടെയുള്ള പാലങ്ങളുടെ സമീപനപാത ഇടിഞ്ഞുതാഴുന്നതു പരിഹരിക്കാൻ കോണ്‍ക്രീറ്റ് സ്പാനുകള്‍ നിര്‍മിക്കുമെന്നു പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.