നെൽകൃഷിയുടെ പേരിൽ വൻ തട്ടിപ്പെന്ന്
1515154
Monday, February 17, 2025 11:52 PM IST
തുറവൂർ: നെൽകൃഷിയുടെ മറവിൽ വൻ തിട്ടപ്പെന്ന് ആരോപണം. ചേർത്തല താലൂക്ക് വടക്കൻ മേഖലയിലെ പാടശേഖരങ്ങളിലാണ് നെൽകൃഷിയുടെ പേരിൽ വൻ തട്ടിപ്പ് നടക്കുന്നത്. വയലാർ, കടക്കരപ്പള്ളി, പട്ടണക്കാട്, തുറവുർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന തുടങ്ങിയ പഞ്ചായത്ത് പ്രദേശങ്ങളിലാണ് നെൽകൃഷി നടത്തുന്നതിന്റെ പേരിൽ സർക്കാരിൽനിന്ന് ലക്ഷങ്ങൾ തട്ടുന്നത്.
മേഖലയിലെ ഒട്ടുമിക്ക പാടശേഖരങ്ങളിലും ഉടമകൾ നെൽകൃഷി ചെയ്യുന്നില്ല. തൊഴിലാളികളുടെ ലഭ്യതക്കുറവും അധികക്കൂലിയും മൂലം കൃഷി ലാഭകരമല്ലാതാക്കുകയും ഇവിടത്തെ പാടശേഖരങ്ങളുടെ അവസ്ഥയിൽ യന്ത്രങ്ങൾ ഇറക്കുവാൻ സാധിക്കാതെ വന്നതോടെയാണ് പാടശേഖര ഉടമകൾ നെൻകൃഷി നടത്താതായത്. എന്നാൽ ഈ അവസ്ഥ മുതലെടുത്തു മത്സ്യ മാഫിയ രംഗത്തുവരുകയും കർഷക സംഘങ്ങളുമായി കൈകോർത്ത് വൻ തട്ടിപ്പ് നടത്തുകയുമാണ് ചെയ്യുന്നത്.
കർഷക സംഘങ്ങൾ പൊതുയോഗങ്ങൾ വിളിച്ചുകൂട്ടുകയും കൃഷിയുടെ നഷ്ടക്കണക്കുകൾ പറയുകയും ചെയ്യും. ഇതിനു ശേഷം കർഷകർക്ക് വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുകയും കൃഷിയിടം നെൽകൃഷിക്ക് ആയി പാട്ടത്തിനു നൽകുകയും ചെയ്യും. പാടശേഖര ഉടമകളിൽനിന്ന് ഒപ്പ് ശേഖരിച്ച് കൃഷിഭവനും ത്രിതല പഞ്ചായത്തുകൾക്കും നൽകിയാണ് ഇത്തരം കാര്യങ്ങൾ നടക്കുന്നതെന്നാണ് ആക്ഷേപം.