അഡാർ ഫാമിലിയിൽ ഇനി മുത്തച്ഛനില്ല
1515151
Monday, February 17, 2025 11:52 PM IST
മാന്നാർ: കളിയും ചിരിയുമായി യൂട്യൂബിൽ തരംഗമായി മാറിയ ഒരു അഡാർ ഫാമിലിയിലെ മുത്തച്ഛൻ വിടവാങ്ങി. മാന്നാർ പാവുക്കര മുഞ്ഞനാട്ട് എം.പി. മത്തായി (കുഞ്ഞൂഞ്ഞ് -85) ആണ്
ആയിരക്കണക്കിന് പ്രേക്ഷക മനസുകളെ ദുഃഖത്തിലാഴ്ത്തി യാത്രയായത്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു സാധാരണ കുടുംബത്തിലെ വിശേഷങ്ങളും വർത്തമാനങ്ങളുമായി സോഷ്യൽ മീഡിയയിലൂടെ കോവിഡ് കാലത്ത് ആരംഭിച്ച ഒരു അഡാർ ഫാമിലി എന്ന വെബ് സീരിസ് വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ ഇഷ്ടവിഭവമായി മാറിയത്.
മത്തായിയുടെ കൊച്ചുമക്കളായ യുകെയിൽ ജോലി ചെയ്യുന്ന ഷിനോ, നഴ്സിംഗ് വിദ്യാർഥിനിയായ സ്നേഹ എന്നിവരുടെ മനസിൽ ഉദിച്ച ആശയമായിരുന്നു ഒരു അഡാർ ഫാമിലി. ഇവരുടെ മാതാപിതാക്കളായ
ഷിബു എം.എം, സുനു ഷിബു എന്നിവരും മുത്തച്ഛനായ മത്തായിയും ഉൾപ്പെടുന്ന കുടുംബത്തിന്റെ ജീവിതത്തിലെ വിശേഷങ്ങളായിരുന്നു ഇതിലൂടെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിച്ചത്. ഒരു സാധാരണ കുടുംബത്തിൽ സംഭവിക്കുന്ന ഇണക്കങ്ങളും പിണക്കങ്ങളും തനിമയൊട്ടും ചോരാതെ അവതരിപ്പിച്ചതിലൂടെ ഏറെ ആരാധകരെ സൃഷ്ടിക്കാൻ ഈ കുടുംബത്തിന് കഴിഞ്ഞിരുന്നു.
ഇവരിൽ ഏറ്റവും ആരാധകർ ഉണ്ടായിരുന്നതും കുഞ്ഞൂഞ്ഞ് എന്ന് വിളിക്കുന്ന മുത്തച്ഛനായ മത്തായിക്കായിരുന്നു. സ്വതസിദ്ധമായ ചിരിയോടെ വർത്തമാനങ്ങൾ പറഞ്ഞ് രസിപ്പിച്ചിരുന്ന മുത്തച്ഛന്റഎ ചിരി നിലച്ചത് നാടിനെയും ദുഃഖത്തിലാഴ്ത്തി.