ചെങ്ങന്നൂരിന്റെ വികസനത്തിന് 20 കോടി: മന്ത്രി സജി ചെറിയാൻ
1512142
Friday, February 7, 2025 11:48 PM IST
ചെങ്ങന്നൂര്‍: സംസ്ഥാന ബജറ്റില്‍ ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ നാല് പദ്ധതികള്‍ക്കായി 20 കോടി രൂപ വകയിരുത്തിയതായി മന്ത്രി സജി ചെറിയാന് അറിയിച്ചു. ഇതില്‍ പ്രധാനം ചെങ്ങന്നൂര്‍ നഗരസഭാ സ്റ്റേഡിയത്തിന്റെ വികസനമാണ്.
ഇന്‍ഡോര്‍ സ്റ്റേഡിയവും ഗാലറിയും ഫുട്ബോള്‍ കോര്‍ട്ടും നാലുവരി ട്രാക്കും അടക്കമുള്ളവ പൂര്‍ത്തിയാക്കാന്‍ നേരത്തേ ഫണ്ട് അനുവദിച്ചിരുന്നു. മൊത്തം 47 കോടിയുടെ പദ്ധതിയായിരുന്നു. അതില്‍ രണ്ടു ഘട്ടങ്ങളിലായി 44 കോടി രൂപ അനുവദിച്ചിരുന്നു. പുതുതായി അ ന്താരാഷ്ട്ര നിലവാരമുള്ള നീന്തല്‍ക്കുളം നിര്‍മിക്കാനുള്ള പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനാവശ്യമായ അഞ്ച് കോടി രൂപയാണ് ഇപ്പോള്‍ ബജറ്റില്‍ അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.
ബജറ്റില്‍ തുക അനുവദിച്ച പദ്ധതികളും തുകയും ഇപ്രകാരമാണ്. ചെങ്ങന്നൂര്‍ ഇഎംഎസ് സ്മാരക എഡ്യൂക്കേഷന്‍ സെന്റര്‍ ഓഡിറ്റോറിയം (4.50 കോടി), വിവിധ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം (8.50 കോടി), ശാസ്താംപുറം മാര്‍ക്കറ്റില്‍ ആധുനിക ഫിഷ് പ്രോസസിംഗ് സെന്റര്‍ (രണ്ടു കോടി).
വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ഇനിയും ഏറ്റെടുക്കേണ്ട പദ്ധതികള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പുതുതായി അനുവദിച്ച പദ്ധതികള്‍ അടിയന്തരമായി ആരംഭിക്കും. മണ്ഡലത്തിലെ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായും പൂര്‍ത്തീകരിക്കും.
പുതുതായി ഏറ്റെടുക്കുന്ന പദ്ധതികള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയാക്കുമെന്നും മന്ത്രി സജി ചെറിയാന് പറഞ്ഞു.