പൊതുമരാമത്തിന് അനക്കമില്ല; തൈക്കാട്ടുശേരി റോഡിൽ പ്രതിഷേധക്കുഴിയടയ്ക്കൽ
1591643
Sunday, September 14, 2025 11:13 PM IST
തുറവൂര്‍: റോഡുകളുടെ അറ്റകുറ്റപ്പണിക്കായി ദേശീയ പാതാ അഥോറിറ്റിയില്‍നിന്ന് കോടികള്‍ അനുവദിച്ചു കിട്ടിയിട്ടും പൊതുമരാമത്തിന് അനക്കമില്ല. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രതിഷേധ കുഴിയടയ്ക്കല്‍ നടത്തി.
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ബ്ലോക്ക് പ്രസിഡന്റ് പി.ആര്. വിജയകുമാറിന്റെ നേതൃത്വത്തിലാണ് തുറവൂര്‍ - തൈക്കാട്ടുശേരി റോഡില്‍ മന്നത്ത് ക്ഷേത്രം വളവിലെ കുഴി കോണ്‍ക്രീറ്റ് മിശ്രിതമുപയോഗിച്ച് മൂടിയത്.
തുറവൂര്‍ - അരൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്നതിനാലാണ് വാഹനങ്ങള്‍ തുറവൂര്‍ - കുമ്പളങ്ങി , തുറവൂര്‍ - മാക്കേക്കവല റോഡുകള്‍വഴി തിരിച്ചുവിട്ടത്. വാഹനങ്ങളുടെ നിരന്തരമായ ഓട്ടം റോഡുകളെ തകര്‍ത്തു. റോഡുനിര്‍മാണത്തിനായി ഫെബ്രുവരിയില്‍ ദേശീയ പാതാ അഥോറിറ്റി 8.5 കോടി പൊതുമരാമത്തിന്റെ അക്കൗണ്ടില്‍ നല്കി. തുക പോരെന്ന് കാണിച്ച് പൊതുമരാമത്ത് കത്തയച്ചതിന്റെ അടിസ്ഥാനത്തില്‍ ജൂലൈ മാസം അവസാനം 36.2 ലക്ഷം വീണ്ടും നല്കി. എന്നാല്‍, ആഴ്ചകള്‍ പിന്നിട്ടിട്ടും റോഡുപണിയാന്‍ അധികൃതര്‍ തയാറായിട്ടില്ല.
ഇതിനിടയില്‍ കരാറുകാരന്റെ സഹായത്താന്‍ കുമ്പളങ്ങി റോഡില്‍ ചിലയിടങ്ങളില്‍ വലിയ ഗര്‍ത്തങ്ങള്‍ പലതും മൂടി. എന്നാല്‍ തൈക്കാട്ടുശേരി റോഡില്‍ യാതൊന്നും ചെയ്തില്ല. റോഡിലെ കുഴികള്‍ വാഹനയാത്രികര്‍ക്കു ഭീഷണിയായി മാറിയ സാഹചര്യത്തിലാണ് പ്രതിഷേധക്കുഴിയടയ്ക്കല് നടത്തിയത്.