കഫെ കുടുംബശ്രീ പ്രീമിയം റസ്റ്ററന്റ് ചെങ്ങന്നൂരിൽ
1591412
Saturday, September 13, 2025 11:31 PM IST
ചെങ്ങന്നൂർ: കുടുംബശ്രീയുടെ നൂതന സംരംഭമായ കഫെ കുടുംബശ്രീ പ്രീമിയം റസ്റ്ററന്റ് ചെങ്ങന്നൂരിൽ ആരംഭിക്കുന്നു. എംസി റോഡിൽ തിരുവൻവണ്ടൂർ കല്ലിശേരി ജംഗ്ഷനിൽ പെനിയേൽ ബിൽഡിംഗിലാണ് ഭക്ഷണശാല ആരംഭിക്കുന്നത്. ഇന്നു രാവിലെ 10.30 ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്ത് കഫെ കുടുംബശ്രീയുടെ 10 ശാഖകൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട് . മന്ത്രി സജി ചെറിയാന്റെ നിർദേശത്തെത്തുടർന്നാണ് ജില്ലയിലെ ആദ്യ പ്രീമിയം റസ്റ്ററന്റ് ശാഖ ചെങ്ങന്നൂരിൽ പ്രവർത്തനം ആരംഭിക്കുന്നത്. രാവിലെ ആറുമുതൽ രാത്രി 11 വരെയാണ് പ്രവർത്തി സമയം.
സ്വാദിഷ്ടമായതും മായം കലരാത്തതുമായ ഭക്ഷണമാണ് ഇതിലൂടെ കുടുംബശ്രീ ഉറപ്പു നൽകുന്നത്. കേരളത്തിന്റെ തനത് രുചി വൈവിധ്യങ്ങളെ കൂടാതെ ചൈനീസ്, അറബിക്, ഉത്തരേന്ത്യൻ ശൈലിയിലുള്ള ഭക്ഷണങ്ങളും ലഘുപാനീയങ്ങളും ഇവിടെ ലഭ്യമാകും.
3200 ചതുരശ്ര അടി വിസ്തീർണത്തിൽ പൂർണമായി ശീതികരിച്ച ഭക്ഷണശാലയോടനുബന്ധിച്ച് വിശാലമായ പാർക്കിംഗ് സൗകര്യവും അംഗപരിമിതർക്കുൾപ്പെടെ ശുചിമുറികളും ഒരുക്കിയിട്ടുണ്ട്.
78 ലക്ഷം രൂപ ചെലവു വരുന്ന സംരംഭത്തിന് 19.5 ലക്ഷം രൂപ കുടുംബശ്രീ മിഷനാണ് നൽകുന്നത്. ബാക്കി തുക ചെലവഴിക്കുന്നത് കുടുംബശ്രീ മൈക്രോ എന്റർപ്രൈസസ് കൾസൾട്ടന്റുമാരായ സന്തോഷ്, രഞ്ജു ആർ. കുറുപ്പ് എന്നീ സംരംഭകരാണ്.
കഴിഞ്ഞ ജനുവരിയിൽ ചെങ്ങന്നൂരിൽ നടന്ന ദേശീയ സരസ് മേളയിൽ കുടുംബശ്രീ ഫുഡ് കോർട്ടിന് റെക്കോർഡ് വരുമാനമാണ് ലഭിച്ചത്.
കുടുംബശ്രീയുടെ നാനോ മാർക്കറ്റ് ഇതോടൊപ്പം സജ്ജീകരിക്കുന്നുണ്ട്.
കുടുംബശ്രീയുടെ തനത് ഉത്പന്നങ്ങൾ അവിടെ എത്തിച്ചേരുന്ന ഉപഭോക്താക്കൾക്കു വാങ്ങുന്നതിന് സൗകര്യമൊരുക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ആർ. രഞ്ജിത്ത് അറിയിച്ചു.