വചനം പഠിക്കുന്നവനില്‍ ഈശോ വളരുന്നു: തോമസ് മാര്‍ കൂറിലോസ്
1591413
Saturday, September 13, 2025 11:31 PM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത ബൈബിള്‍ അപ്പൊസ്തലേറ്റും കുടുംബ കൂട്ടായ്മയും മാക് ടിവിയും സംയുക്തമായി അതിരൂപതയിലെ 250 ഇടവകകളില്‍ സംഘടിപ്പിച്ച നൂറുമേനി വചന മനഃപാഠം പദ്ധതിയിലെ വിജയികളുടെ സംഗമവും ‘എന്റെ സ്വന്തം ബൈബിള്‍’ പദ്ധതിയുടെ ഉദ്ഘാടനവും വചനമഹോത്സവമായി. എസ്ബി കോളജിലെ മാര്‍ കാവുകാട്ട് ഹാളില്‍ സംഘടിപ്പിച്ച മഹാസംഗമം തിരുവല്ല ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്തു.
ജീവിക്കുന്ന ക്രിസ്തുവിന്റെ പ്രതീകമാണു വചനമെന്നും വിശുദ്ധ കുര്ബാനയിലെന്നപോലെ വചനത്തിലൂടെയും ഈശോ ഹൃദയത്തിലേക്കു കടന്നുവരുന്നതായും ആര്‍ച്ച്ബിഷപ് പറഞ്ഞു.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിച്ചു. സുവിശേഷം നന്മയുടെയും മാനവികതയുടെയും സ്നേഹസന്ദേശമായതിനാലാണ് സുവിശേഷം പ്രഘോഷിക്കുന്ന ക്രൈസ്തവര്‍ ഏറെ പീഡിപ്പിക്കപ്പെടുകയും വെല്ലുവിളികള്‍ നേരിടുകയും ചെയ്യുന്നതെന്ന് മാര്‍ തറയില്‍ പറഞ്ഞു.
നൂറ്റിപ്പത്തൊന്‍പതാം സങ്കീര്‍ത്തനം മനഃപാഠമാക്കിയ രണ്ടാം ക്ലാസ് വിദ്യാര്‍ഥികളായ ലൂക്കാ രാകേഷ്, ഇവാന് വി. ബിജോയ് എന്നിവര്‍ക്ക് പേഴ്സണല്‍ ബൈബിള്‍ നല്കി ‘എന്റെ സ്വന്തം ബൈബിള്‍’ പദ്ധതിയുടെ ഉദ്ഘാടനം മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ചു.
വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്രനടന്‍ സിജോയ് വര്‍ഗീസ് നൂറുമേനി സീസണ് ഫോറിന്റെ ഉദ്ഘാടനവും പഠനപുസ്തക പ്രകാശനവും നിര്‍വഹിച്ചു. പ്രഫ. ജോസഫ് ടിറ്റോ, സിസ്റ്റര്‍ ചെറുപുഷ്പം, ജോസി കടന്തോട്, മറിയം ജോര്‍ജ്, സ്കറിയ വടക്കേല്‍ എന്നിവര്‍ പുസ്തകം ഏറ്റുവാങ്ങി.
ചലച്ചിത്ര നിര്‍മാതാവും ഗാനരചയിതാവുമായ ലിസി ഫെര്‍ണാണ്ടസ്, അതിരൂപത ബൈബിള്‍ അപ്പൊസ്തലറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, മീഡിയ വില്ലേജ് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോജിന്‍ ഇലഞ്ഞിക്കല്‍, നൂറുമേനി വചനപഠന പദ്ധതി ചെയര്മാന് സണ്ണി തോമസ് ഇടിമണ്ണിക്കല്‍, ബൈബിള്‍ അപ്പൊസ്തലറ്റ് അതിരൂപത പ്രസിഡന്റ് ഡോ. റൂബിള്‍ രാജ്, നൂറുമേനി ജനറല്‍ കണ്‍വീനര്‍ ഡോ. ജോബിന് എസ്. കൊട്ടാരം എന്നിവര്‍ പ്രസംഗിച്ചു. ഗ്രാന്‍ഡ് ഫിനാലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു.