ചേര്‍ത്തല റെയില്‍വേ സ്റ്റേഷനു മുന്നില്‍ റോഡ് അടയ്ക്കുന്നതിനെതിരേ നഗരസഭയുടെ പ്രതിഷേധം ഇന്ന്
1591639
Sunday, September 14, 2025 11:13 PM IST
ചേര്‍ത്തല: ദേശീയപാത വികസനത്തിന്റെ ഭാഗമായി ചേര്‍ത്തല റെയില്‍വേ സ്റ്റേഷനു മുന്നില്‍ റോഡ് അടയ്ക്കാനുള്ള നീക്കത്തിനെതിരേ നഗരസഭാ കൗണ്‍സിലര്‍മാര്‍ 15ന് പ്രതിഷേധിക്കും. പാത നിര്‍മാണത്തിന്റെ ഭാഗമായി റോഡ് അടച്ചുകെട്ടുന്നതോടെ റെയില്‍വേ സ്റ്റേഷനില്‍ പോകേണ്ട യാത്രക്കാര്‍ ചുറ്റിക്കറങ്ങി സഞ്ചരിക്കേണ്ട സ്ഥിതിയാകും. ഇതിനെതിരേയാണ് കൗണ്‍സിലര്‍മാരുടെയും യാത്രക്കാരുടെയും നേതൃത്വത്തില്‍ സമരം നടത്തുന്നത്. റെയില്‍വേ സ്റ്റേഷനു മുന്നില്‍ ഇന്നു രാവിലെ ഏഴിനു നടക്കുന്ന പ്രതിഷേധ സമരത്തില്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാരും പങ്കെടുക്കും.
ജില്ലയില്‍ ദേശീയപാതയോരത്തുള്ള ഏക റെയില്‍വേ സ്റ്റേഷനാണ് ചേര്‍ത്തലയിലേത്. റെയില്‍വേ സ്റ്റേഷനു മുന്നിലെ ദേശീയപാത നിര്‍മാണം പൂര്‍ത്തിയായാല്‍ സര്‍വീസ് റോഡിലൂടെ മാത്രമാകും യാത്രക്കാര്‍ക്ക് പ്രവേശിക്കാന്‍ കഴിയുക. റെയില്‍വേ സ്റ്റേഷനു മുന്നില്‍ അടിപ്പാത നിര്‍മിക്കാത്തതിനാല്‍ ദേശീയപാത മുറിച്ചുകടക്കണമെങ്കില്‍ ഇരുവശങ്ങളിലേക്കും ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കേണ്ട സ്ഥിതിയാകും. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ബസ് നിര്‍ത്താന്‍ പോലും സ്ഥലമില്ലാതെ വരുന്നതിനാല്‍ ബസ് യാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ട് നേരിടേണ്ടിവരും.
റെയില്‍വേ സ്റ്റേഷന്റെ മുന്‍വശം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ദേശീയപാത അഥോറിറ്റിയും റെയില്‍വേ അധികൃതരും തമ്മില്‍ സ്ഥലം സംബന്ധിച്ച് തര്‍ക്കമുള്ളതിനാല്‍ റെയില്‍വേ സ്റ്റേഷനു മുന്നില്‍ ബസ്ബേ നിര്‍മിക്കാനും കഴിയാത്ത സ്ഥിതിയാണ്. വഴി അടയുന്നതോടെ റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തുള്ള വഴിയോര വിശ്രമകേന്ദ്രവും യാത്രക്കാര്‍ക്ക് പ്രയോജനമില്ലാതെ അടഞ്ഞുപോകുമെന്ന സ്ഥിതിയാണ്. ദേശീയപാത നിര്‍മാണം പുരോഗമിക്കുന്നതിനാലാണ് സമരവുമായി നഗരസഭാ കൗണ്‍സിലര്‍മാരും രംഗത്തെത്തുന്നത്.