എയിംസിന് വീണ്ടും പ്രതീക്ഷ; മാവേലിക്കര താലൂക്കില്‍ അനുയോജ്യമായ മൂന്നു സ്ഥലങ്ങള്‍
1591637
Sunday, September 14, 2025 11:13 PM IST
ചാരുംമൂട്: ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എയിംസ് ആലപ്പുഴ ജില്ലയില്‍ സ്ഥാപിക്കുന്നതിനു മുന്‍ഗണന നല്‍കുമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന് വീണ്ടും എയിംസിനായി പ്രതീക്ഷ കൈവന്നു. സംസ്ഥാന സര്‍ക്കാര്‍ സ്ഥലം നല്കിയാല് എയിംസ് ജില്ലയില്‍ത്തന്നെ സ്ഥാപിക്കുമെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളുടെ അതിര്‍ത്തിപ്രദേശമായ മാവേലിക്കര താലൂക്കിലെ ചാരുംമൂട് മേഖലയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മൂന്നു സ്ഥലങ്ങള്‍ അനുയോജ്യമായിട്ടുണ്ട്.
കൊല്ലം-തേനി ദേശീയപാതയുടെയും കായംകുളം-പുനലൂര്‍ സംസ്ഥാന പാതയുടെയും സംഗമസ്ഥലമായതിനാല് മെച്ചപ്പെട്ട യാത്രാസൗകര്യവുമുണ്ട്. നൂറനാട് ലെപ്രസി സാനിട്ടോറിയം, നൂറനാട് മറ്റപ്പള്ളിയിലെ വെടിവയ്പ് പരിശീലനകേന്ദ്രം, തഴക്കര കോട്ടമുക്കിലെ ജില്ലാ കൃഷിത്തോട്ടം എന്നിവ എയിംസിന് അനുയോജ്യമാണ്. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഈ സ്ഥലങ്ങള്‍ നിര്‍ദേശിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.
കെ.പി. റോഡിന്റെ സമീപത്തുള്ള നൂറനാട് ലെപ്രസി സാനിട്ടോറിയം ആരോഗ്യവകുപ്പിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. നൂറേക്കറിലേറെ വിസ്തൃതിയുള്ള സാനിട്ടോറിയം വളപ്പില്‍ അമ്പത് ഏക്കര്‍ സ്ഥലത്ത് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഐടിബിപി യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ബാക്കിയുള്ള കുറെ സ്ഥലത്ത് നൂറില്‍പ്പരം കുഷ്ഠരോഗബാധിതര്‍ താമസിക്കുന്നു. പൊതുജനങ്ങള്‍ക്കായുള്ള ഒപി യൂണിറ്റ് ആശുപത്രിയും നഴ്സിംഗ് കോളജും സാനിട്ടോറിയം വളപ്പില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബാക്കിയുള്ള സ്ഥലം എയിംസിനായി പ്രയോജനപ്പെടുത്താന്‍ കഴിയും.
നൂറനാട് മറ്റപ്പള്ളിയിലെ പത്തേക്കര്‍ സ്ഥലം ആഭ്യന്തരവകു പ്പിന്റെ കീഴിലാണ്. പോലീസുകാര്‍ക്ക് വെടിവയ്പ് പരിശീലനം നല്‍കുന്നതിനായി 1957-ല്‍ വാങ്ങിയതാണ്. പിന്നീട് പരിശീലനം നിലച്ചു. 2014-ല്‍ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ പരിശീലനകേന്ദ്രം തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി തറക്കല്ലുമിട്ടു. ചെറിയൊരു കെട്ടിടം പണിതതല്ലാതെ പിന്നീട് നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ല. അലക്സാണ്ടര്‍ ജേക്കബ് ജയില്‍ മേധാവിയായിരുന്നപ്പോള്‍ ജയില്‍ ആശുപത്രി തുടങ്ങാന്‍ പദ്ധതിയിട്ടു. മാലിന്യസംസ്കരണകേന്ദ്രം തുടങ്ങാനുള്ള നീക്കം ജനങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നടന്നില്ല. കാടുപിടിച്ചു കിടക്കുന്ന സ്ഥലം ഇപ്പോള്‍ കാട്ടുപന്നികളുടെ താവളമായി മാറിയിരിക്കുകയാണ്.
ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് തഴക്കര കോട്ടമുക്കിലെ നൂറേക്കര്‍ ജില്ലാ കൃഷിത്തോട്ടം. ഇതില്‍ കുറെ സ്ഥലം ഹോര്‍ട്ടികോര്‍പ്പിന് തേനീച്ചവളര്‍ത്തല്‍ കേന്ദ്രത്തിനായി നല്കി. ഇവിടെ ഇഎസ്ഐ, മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ കേന്ദ്ര മന്ത്രിയായിരിക്കുമ്പോള്‍ കൊടിക്കുന്നില്‍ സുരേഷ് എംപി ശ്രമിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് സ്ഥലം വിട്ടുനല്‍കാന്‍ തയാറാകാത്തതിനെത്തുടര്‍ന്ന് പദ്ധതി നടന്നില്ല. ഇവിടെ പല പദ്ധതികളും പ്രഖ്യാപിച്ചെങ്കിലും അതെല്ലാം പ്രഖ്യാപനത്തില്‍ ഒതുങ്ങി.