ദുരിതം... ഈ വഴി!
1591420
Saturday, September 13, 2025 11:32 PM IST
അമ്പലപ്പുഴ: നടവഴി പോലുമില്ലാതെ കുടുംബങ്ങൾ ദുരിതത്തിൽ. പുറക്കാട് പഞ്ചായത്ത് 16-ാം വാർഡ് പുത്തൻമഠം റോഡുപയോഗിക്കുന്ന കുടുംബങ്ങളാണ് യാത്രാദുരിതത്തിൽ വലയുന്നത്. മണക്കൽ പാടശേഖരത്തിനു സമീപത്തെ നിരവധി കുടുംബങ്ങൾക്ക് പുറം ലോകത്തെത്താനുള്ള ഏക മാർഗമാണിത്. മൂന്നു മീറ്ററോളം വീതിയുള്ള നടവഴി മുഴുവൻ ചെളിനിറഞ്ഞു കിടക്കുകയാണ്. കനത്ത മഴയായാൽ നീന്തിപ്പോകേണ്ട അവസ്ഥയാണ്.
കൊച്ചുകുട്ടികൾ ഉൾപ്പെടെ ഇതിലേ നടക്കുന്നവർ വീണു പരിക്കേൽക്കുന്നത് നിത്യസംഭവമാണ്. നാട്ടുകാരുടെ നിരന്തര പരാതിയെത്തുടർന്ന് വഴി ഗതാഗത യോഗ്യമാക്കാൻ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 4,97,416 രൂപ അനുവദിച്ചു.
ഇന്റർലോക്ക് നടപ്പാതയ്ക്കായാണ് തുകയനുവദിച്ചത്. നിർമാണച്ചുമതല കരാറുകാരന് കൈമാറി ഒരുവർഷം പിന്നിട്ടിട്ടും റോഡ് യാഥാർഥ്യമായില്ല. ഇപ്പോഴും ചെളിനിറഞ്ഞ വഴിയിലൂടെയാണ് ഇവരുടെ ദുരിത യാത്ര. പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം നിൽക്കേ റോഡ് യാഥാർഥ്യമാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.