അനുമതിയില്ലാതെ പ്രവർത്തിച്ച ഡ്രോൺ പിടികൂടി
1591415
Saturday, September 13, 2025 11:31 PM IST
അന്പലപ്പുഴ: അനുമതിയില്ലാതെ പാടശേഖരത്ത് പ്രവർത്തിച്ച വിദേശനിർമിത ഡ്രോൺ നാട്ടുകാർ പിടികൂടി. കേസെടുക്കാതെ പോലീസ്. തകഴി കുന്നുമ്മയിൽ പാടത്ത് വിത്ത് വിതയ്ക്കാനായി പ്രവർത്തിപ്പിച്ച ചൈനീസ് നിർമിത ഡ്രോണാണ് പിടിച്ചെടുത്തത്. മതിയായ രജിസ്ട്രേഷനും ലൈസൻസുമില്ലാത്ത ഇത്തരം ഡ്രോൺ 2022ൽ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു.
ഈ നിരോധനം മറികടന്നാണ് പാടശേഖരത്ത് ഇത് പ്രവർത്തിപ്പിച്ചത്. ഒരുമാസം മുൻപ് ഇവിടെ വളമിടാനായി ഡ്രോൺ എത്തിച്ചപ്പോൾ ചിലർ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിക്കു പരാതി നൽകിയിരുന്നു. കഴിഞ്ഞദിവസം പാടത്ത് ഡ്രോൺ പ്രവർത്തിപ്പിക്കുന്നതറിഞ്ഞ് നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
എന്നാൽ, പോലീസ് സ്ഥലത്തെത്തിയെങ്കിലും കേസെടുക്കാതെ വിട്ടയയ്ക്കുകയായിരുന്നു. ഡിഎച്ച്ഐ എന്ന ചൈനീസ് നിർമിത ഡ്രോൺ മങ്കൊമ്പ് സ്വദേശിയുടേതാണ്. യുഐ നമ്പരില്ലാത്ത ഇതിന് 50 കിലോ ഗ്രാം ഭാരം വരെ വഹിക്കാൻ കഴിയും. ഇത് പ്രവർത്തിക്കുമ്പോൾ പാടശേഖരത്തിന്റെയും പ്രദേശത്തിന്റെയും മാപ്പ് ചൈനീസ് സർവറിൽ അപ് ലോഡാകും. ഇത് കണക്കിലെടുത്താണ് കേന്ദ്രസർക്കാർ ഇതിന് നിരോധനം ഏർപ്പെടുത്തിയത്.
വൈഫൈ ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം നടത്തുക. നിരോധിത ഡ്രോണായിട്ടും കേസെടുക്കാതെ പോലീസ് വിട്ടയച്ചത് രാഷ്ട്രീയ ഇടപെടലാണെന്നും ആരോപണമുയർന്നിട്ടുണ്ട്.