പുതുമന പമ്പ് ഹൗസ് നിർമാണം വേഗത്തിലാക്കണമെന്ന്
1591419
Saturday, September 13, 2025 11:32 PM IST
ചമ്പക്കുളം: കുഴൽക്കിണർ നിർമാണം പൂർത്തിയായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നെടുമുടി പഞ്ചായത്തിലെ പുതുമന പമ്പ് ഹൗസിന്റെ അനുബന്ധ പ്രവർത്തനങ്ങളിൽ കാലതാമസം നേരിടുന്നതിൽ പമ്പ് ഹൗസ് സമ്പാദക സമിതിക്ക് പരാതി.
നെടുമുടി പഞ്ചായത്തിലെ 8, 9 വാർഡുകളിലെ കുടിവെള്ള വിതരണം സുഗമമാക്കുന്നതിന് തോമസ് കെ. തോമസ് എംഎൽ എ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നെടുമുടി പഞ്ചായത്തിലെ എട്ടാം വാർഡിൽ പണി പൂർത്തിയാക്കിയ കുഴൽക്കിണറിന്റെ അനുബന്ധ നടപടികൾ വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എട്ടാം വാർഡിലെ താമസക്കാരനായ പുതുമന ജോയിച്ചൻ ചമ്പക്കുളം- ചെമ്പകശേരി റോഡിന് സമീപത്തായി പുതിയ പമ്പ് ഹൗസ് സ്ഥാപിക്കുന്നതിന് ഭൂമി വിട്ടു നല്കുകയും കുഴൽക്കിണർ നിർമിക്കുന്നതിനും പമ്പ് ഹൗസ് നിർമിക്കുന്നതിനും അനുയോജ്യമെന്ന് കണ്ടെത്തുകയും ചെയ്ത ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റും ജലവിഭവവകുപ്പും നടപടികളുമായി മുന്നോട്ട് പോവുകയും കുഴൽക്കിണർ നിർമിക്കുകയും ചെയ്തു.
ഭൂമി നല്കി പത്തുമാസം കഴി ഞ്ഞിട്ടും പമ്പ് ഹൗസ് പ്രവർത്തനക്ഷമമായിട്ടില്ല. കുടിവെള്ള വിതരണത്തിനുള്ള കുഴലുകളും മോട്ടോറും സ്ഥാപിക്കുക, പമ്പ് ഹൗസ് കെട്ടിടം നിർമിക്കുക, വൈദ്യുതി കണക്ഷൻ തുടങ്ങിയ ജോലികൾ ഇനിയും ബാക്കി നിൽക്കുന്നു.
നെടുമുടി പഞ്ചായത്തിലെ ഒൻപതാം വാർഡിലെ പുല്പത്ര പമ്പ് ഹൗസിൽനിന്നാണ് ഇപ്പോൾ 8, 9 വാർഡുകളിൽ കുടിവെള്ളം ലഭ്യമാകുന്നത്. പുതുമന പമ്പ് ഹൗസിൽനിന്നുള്ള പ്രധാന പൈപ്പ് നിലവിലെ പുല്പത്ര പമ്പ്ഹൗസിൽനിന്നും വരുന്ന പ്രധാന ലൈനുമായി ബന്ധിപ്പിച്ചു വേണം പൈപ്പുകൾ സ്ഥാപിക്കാൻ എന്ന ആവശ്യം ഈ പമ്പ്ഹൗസിന്റെ ആലോചനാസമയത്തു തന്നെ ഉയർന്നിരുന്നു. ഒരു പമ്പ് ഹൗസ് തകരാറിലായാലും ശുദ്ധജല വിതരണം സുഗമമാക്കാൻ കഴിയും എന്നതാണ് പമ്പ് സംമ്പാദകസമിതി ഇതുകൊണ്ട് ലക്ഷ്യമാക്കിയത്.
2012ൽ വെറും രണ്ടു മാസം കൊണ്ട് യാഥാർഥ്യമാക്കിയ പുല്പത്ര പമ്പ് ഹൗസിൽ നിന്നും പഞ്ചായത്തിലെ മറ്റ് വാർഡുകളിലേക്കും വെള്ളം വിതരണം ചെയ്തുവരുന്നുണ്ട്.
പ്രധാന പൈപ്പുകൾ തമ്മിൽ ബന്ധിപ്പിച്ച് വാൽവ് സ്ഥാപിച്ച് പ്രവർത്തിപ്പിച്ചാൽ അടിയന്തര സാഹചര്യങ്ങളിൽ എട്ട്, ഒൻപത് വാർഡുകളിൽ കൂടാതെ മറ്റ് സ്ഥലങ്ങളിലും വെള്ളം എത്തിക്കാൻ സാധിക്കും.
ഇതിന് അനുയോജ്യമായ രീതിയിലായിരിക്കണം ജലവിതരണ കുഴലുകൾ സ്ഥാപിക്കേണ്ടത് എന്ന് പമ്പ് ഹൗസ് സമ്പാദക സമിതി അംഗങ്ങളായ സണ്ണിച്ചൻ തിരുനിലം, അപ്പച്ചൻകുട്ടി ചെമ്പകശേരിൽ, ബിജു ആന്റണി തെങ്ങുംപള്ളി, ഷാജി താമരപ്പള്ളിൽ, തോമസ് ആന്റണി ആറിൽചിറ, ജോയിച്ചൻ പുതുമന എന്നിവർ ആവശ്യപ്പെട്ടു.