കൃഷിക്കു വഴിമുടക്കിയായി പുളിങ്കുന്ന് പുത്തൻതോട് പാലം
1591916
Monday, September 15, 2025 11:45 PM IST
മങ്കൊമ്പ്: വീണ്ടുമൊരു പുഞ്ചക്കൃഷിക്കാലം ആരംഭിക്കാനിരിക്കെ കര്‍ഷകര്‍ക്ക് ആശങ്കയായി നിര്‍മാണജോലികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച പുളിങ്കുന്ന് പുത്തന്‍തോട് പാലം. നിര്‍മാണം ആരംഭിച്ച് വര്‍ഷങ്ങളായിട്ടും പണിപൂര്‍ത്തിയാകാത്ത പാലം ഇപ്പോള്‍ തോട്ടിലെ നീരൊഴുക്കിനും ഗതാഗതത്തിനും തടസമായിരിക്കുകയാണ്.
പുളിങ്കുന്ന്, മങ്കൊമ്പ്, കായല്‍പ്പുറം തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിനു കര്‍ഷകര്‍ക്കാണ് കായല്‍മേഖലയില്‍ കൃഷിഭൂമിയുള്ളത്. നിലമൊരുക്കല്‍ ജോലികള്‍ക്കാവശ്യമായ വസ്തുക്കള്‍, മോട്ടോറുകള്‍, കൃഷിയാവശ്യങ്ങള്‍ക്കുള്ള വിത്ത്, വളം അനുബന്ധ സാധനങ്ങള്‍ ഇവയെല്ലാം കായലിലേക്കു കൊണ്ടുപോകുന്നതിനുള്ള പ്രധാന ഗതാഗതമാര്‍ഗമാണ് ഈ തോട്.
2021ല്‍ പാലത്തിന്റെ നിര്‍മാണജോലികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി പാലത്തിനിരുവശങ്ങളിലുമായി തോടിനു കുറുകെ താത്കാലിക ബണ്ടുകള്‍ നിര്‍മിച്ചിരുന്നു. ഇതോടെ തോട്ടിലെ നീരൊഴുക്കു പൂര്‍ണമായി നിലയ്ക്കുകയും തോട്ടില്‍ മാലിന്യങ്ങള്‍ നിറയുകയും ചെയ്തിരുന്നു.
നാട്ടുകാരും പഞ്ചായത്തധികൃതരും പലവട്ടം ഇറിഗേഷന്‍ വകുപ്പിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. നാട്ടുകാരുടെ ദുരിതം ഇരട്ടിച്ചതോടെ പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചു. കേസ് ഫയലില്‍ സ്വീകരിച്ച കോടതി അന്വേഷണത്തിനായി കമ്മീഷനെ നിയോഗിച്ചു. കമ്മീഷന് നടത്തിയ പരിശോധനകളെത്തുടര്‍ന്ന് ജനങ്ങളുടെ ദുരിതങ്ങള്‍ കണക്കിലെടുത്തു മുട്ടുകള്‍ പൂര്‍ണമായും പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടിരുന്നു.
കോടതി ഉത്തരവിനെത്തുടര്‍ന്ന് ഇറിഗേഷന്‍ വകുപ്പ് മുട്ടുകള്‍ പൂര്‍ണമായും പൊളിച്ചുനീക്കിയിരുന്നു. എന്നാല്‍, പാലത്തിനായി സ്ഥാപിച്ച തൂണുകള്‍ക്കു മുകളിലായി താത്കാലിക പാലം സ്ഥാപിച്ചിരിക്കുന്നതുമൂലം ഇപ്പോള്‍ ഇതുവഴി വള്ളങ്ങളടക്കമുള്ള വാഹനങ്ങള്‍ക്കു ഗതാഗതം അസാധ്യമായിരിക്കുകയാണ്.
കായല്മേഖലയിലേക്കു പോകുന്നതിനായി കിടങ്ങറ വഴി കാവാലത്തുള്ള തോടിന്റെ മറ്റേയറ്റത്തെത്തണമെങ്കില്‍ പത്തു കിലോമീറ്ററും ഒന്നരമണിക്കൂറും അധികം യാത്രചെയ്യേണ്ട ഗതികേടാണ്. അതിരിവിലെ കായലില്‍ ജോലികള്‍ ആരംഭിക്കേണ്ടതിനാല്‍ കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്. കായല്പ്പുറത്തുനിന്നും മങ്കൊമ്പില്നിന്നുമുള്ള മറ്റു ചെറുതോടുകള്ക്കു കുറുകെ താത്കാലിക പാലങ്ങള്‍ വന്നതോടെ ഇതുവഴിയുള്ള വാഹന ഗതാഗതവും നിലച്ചിരിക്കുകയാണ്. കര്‍ഷകര്‍ നേരിടാനിരിക്കുന്ന ദുരിതങ്ങള്‍ കണക്കിലെടുത്തു കൃഷിപ്പണികള്‍ ആരംഭിക്കും മുന്‍പുതന്നെ തോട് ഗതാഗതയോഗ്യമാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.