തീരസംരക്ഷണ പ്രവൃത്തികള്‍ കെട്ടിടങ്ങള്‍ക്ക് ഭീഷണി
1591421
Saturday, September 13, 2025 11:32 PM IST
ഹരിപ്പാട്: നദീതീരങ്ങള്‍ സംരക്ഷിച്ച് വെള്ളപ്പൊക്കത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വീയപുരം പഞ്ചായത്തിന്റെ തുരുത്തേല്ക്കടവ് മുതല്‍ തോട്ടപ്പള്ളിവരെയുള്ള ഇരുകരകളും പൈല് ആന്‍ഡ് സ്ലാബ് ഇടുന്ന പ്രവൃത്തി തീരത്തോട് ചേര്‍ന്നുള്ള കെട്ടിടങ്ങള്‍ക്ക് ഭീഷണിയാകുന്നതായി കെട്ടിട ഉടമകള്‍.
9, 7 മീറ്റര്‍ വീതം നീളത്തിലുള്ള രണ്ടുതരം പൈലാണ് സ്ഥാപിക്കുന്നത്. 1.60 മീറ്റര്‍ നീളത്തിലുള്ള സ്ലാബ് മധ്യഭാഗത്തൂകൂടെ അടിത്തട്ടില്‍ സ്ഥാപിക്കുന്ന പ്രവൃത്തിയില്‍ കെട്ടിടങ്ങള്‍ക്ക് കുലുക്കവും അതുപോലെ പൊട്ടലും ഉണ്ടാകുന്നുണ്ട്. അതുപോലെ നിലവില്‍ കരിങ്കല്ലുകൊണ്ട് നിര്‍മിച്ചിട്ടുള്ള പാര്‍ശ്വഭിത്തികള്‍ മാറ്റി പൈല് ആന്‍ഡ് സ്ലാബ് സ്ഥാപിക്കുന്നത് പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. പ്രതിഷേധത്തെത്തുടര്‍ന്ന് നിലവിലെ പാര്ശ്വഭിത്തിമാറ്റാതെയാണ് ഇപ്പോള്‍ പ്രവൃത്തികള്‍ നടക്കുന്നത്.
നിലവിലുള്ള കരിങ്കല്‍ ഭിത്തികള്‍ ആഘാതം കുറക്കാന്‍ കാരണമാകുമെന്ന് നാട്ടുകാര്‍ പറയുന്നു. അനധികൃത മണല്‍വാരല്‍ മൂലം പാലത്തിന്റെ സംരക്ഷണഭിത്തി നിലംപൊത്തിയിരുന്നു. ഇവിടെ എന്തുചെയ്യണമെന്ന് അധികൃതര്‍ കൂടിയാലോചന നടത്തിവരികയാണ്. മുറിഞ്ഞപുരയ്ക്കല് പാലത്തിന്റെ ഇരുകരകളിലുമുള്ള പാര്‍ശ്വഭിത്തിയാണ് അനധികൃത മണല്‍ വാരല്‍മൂലം നിലംപതിച്ചത്. 20 തൊഴിലാളികള്‍ മൂന്ന് ബാര്‍ജുകളിലായി പൈല് താക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുമ്പോള്‍ 10 പേര് പൈല് ആന്‍ഡ് സ്ലാബ് കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
തുടരെ ഉണ്ടായ വെള്ളപ്പൊക്കം കാരണം പദ്ധതി പ്രദേശത്ത് ധാരാളം എക്കല്‍ അടിഞ്ഞുകൂടാന്‍ കാരണമായിട്ടുണ്ട്. ഇത് പണിക്ക് തടസമാണെന്നും കരാര്‍ പ്രകാരമുള്ള തുകയില്‍ കൂടുതല്‍ ജോലികള്‍ വേണ്ടി വരുമെന്നും കരാര്‍കാര്‍ സൂചിപ്പിക്കുന്നു.
തുടരെ ഉണ്ടായ നാലുവെള്ളപ്പൊക്കവും ഓണാവധിയും കഴിഞ്ഞ് ദ്രുതഗതിയിലാണ് ഇപ്പോള്‍ നിര്‍മാണം നടക്കുന്നത്.
റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പമ്പ ആറിന്റെയും കൈവഴിയായ മങ്കോട്ട ആറിന്റെയും അച്ചന്‍കോവിലാറിന്റെയും ഇരുകരകളുടെയും സംരക്ഷണത്തിനായി 70 കോടി രൂപ അടങ്കല്‍ തുകവരുന്നതാണ് തീരസംരക്ഷണ പ്രവൃത്തികള്‍. മേല്പാടം വരെ ഇരുകരകളിലുമായി 2574 മീറ്ററും മങ്കോട്ട പമ്പയില്‍ കൈവഴിയുടെ തുടക്കം മുതല്‍ വീയപുരം ഡിപ്പോ പാലം വരെ ഇരുകരകളിലുമായി 897 മീറ്ററും അച്ചന്‍കോവിലാറ്റില്‍ തുരുത്തേല്‍ പാലം മുതല്‍ മുകളിലേക്ക് 295 മീറ്ററും നീളത്തില്‍ പൈല് ആന്‍ഡ് സ്ലാബ് ഉപയോഗിച്ചുള്ള സംരക്ഷണഭിത്തിയുടെ നിര്‍മാണവും അച്ചന്‍കോവിലാറ്റില്‍ ഇരുകരകളിലുമായി 5420 മീറ്റര്‍ നീളത്തില്‍ ബണ്ട് രൂപീകരണവും ഉള്‍പ്പെട്ട പ്രവൃത്തിയാണ് നിലവില്‍ നടക്കുന്നത്.