കൈനകരിയിൽ കാറ്റാടിപ്പാടം സ്ഥാപിക്കണം
1591414
Saturday, September 13, 2025 11:31 PM IST
ചമ്പക്കുളം: ആലപ്പുഴയിലെ തന്നെ ഏറ്റവും അവികസിതവും റോഡ് ഗതാഗതം പിന്നാക്കവുമായ കൈനകരിയിലെ കായൽ പ്രദേശങ്ങളിൽ കാറ്റാടി യന്ത്രങ്ങൾ സ്ഥാപിച്ച് വൈദ്യുതി ഉത്പാദനവും അതിനോടനുബന്ധിച്ച് വിനോദ സഞ്ചാര വികസനവും നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
വേമ്പനാട് കായലിനോട് ചേർന്നുള്ള കായൽ നിലങ്ങളിലാണ് കാറ്റിൽനിന്നു വൈദ്യുതി ഉത്പാദിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ സാഹചര്യം നിലനില്ക്കുന്നത്. ഈ പ്രദേശത്ത് കാറ്റാടിയന്ത്രങ്ങൾ സ്ഥാപിച്ച് വൈദ്യുത ഉത്പാദനം നടത്തുന്നത് സംബന്ധിച്ച് പഠനം നടത്തണമെന്നാണ് ആവശ്യം ഉയരുന്നത്.
സെക്കൻഡിൽ നാല് മീറ്ററിലധികം വേഗമുള്ള കാറ്റ് ലഭിക്കുന്ന പ്രദേശങ്ങളിലാണ് സാധാരണയായി കാറ്റാടി യന്ത്രങ്ങൾ സ്ഥാപിക്കുക. അങ്ങനെ കണക്കാക്കിയാൽ കാറ്റാടി യന്ത്രങ്ങൾ സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളാണ് കൈനകരിയിലെ കായൽ നിലങ്ങൾ.
രാത്രിയും പകലും സ്ഥിരമായി സാമാന്യം ശക്തമായ കാറ്റുവീശുന്ന കായൽ നിലങ്ങളുടെ ചിറകളിൽ നൂറുകണക്കിന് കാറ്റാടികൾ സ്ഥാപിക്കാൻ സാധിക്കും. വൈദ്യുതി ഉത്പാദനത്തോടൊപ്പം കായൽ നിലങ്ങളുടെ പുറംബണ്ടുകൾ നല്ല രീതിയിൽ റോഡുകളായി രൂപപ്പെടുത്തിയാൽ സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ആകർഷിക്കാനും കഴിയും.
കൈനകരിയിലെ കായൽ നിലങ്ങളോട് ചേർന്നും വേമ്പനാട്ട് കായലിലും കാറ്റാടി യന്ത്രങ്ങൾ സ്ഥാപിച്ച് വൈദ്യുതി ഉത്പാദനം പ്രാവർത്തികമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇത് നാട്ടിലെ വിനോദസഞ്ചാര, കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവും ഉത്തേജനവുമായിരിക്കും. വൈദ്യുതി മേഖലയിൽ ഒരു കുതിച്ചുചാട്ടത്തിനും ഇതു കാരണമാക്കും.
അനിൽ ജോസഫ് ഇടത്തിൽ. (വഞ്ചിവീട് വിനോദസഞ്ചാര
മേഖലയിൽ പ്രവർത്തിക്കുന്ന
ആൾ.)