ആലപ്പുഴ ഗവ. ഡെന്റൽ കോളജിന്റെ അംഗീകാരം താത്കാലികമായി റദ്ദാക്കി
1482701
Thursday, November 28, 2024 5:24 AM IST
അമ്പലപ്പുഴ: ആലപ്പുഴ ഗവ. ഡെന്റല്‍ കോളജിന്റെ അംഗീകാരം ഇന്ത്യന്‍ ഡെന്റല്‍ കൗണ്‍സില്‍ താത്കാലികമായി റദ്ദാക്കി. പ്രതിഷേധ സൂചകമായി നടുറോഡില്‍ പഠനം നടത്തി വിദ്യാര്‍ഥികള്‍. പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പ്രവര്‍ത്തനമാരംഭിച്ചില്ല. അടുത്തവര്‍ഷം കോളജിലേക്ക് പ്രവേശനം നടത്തരുതെന്നാണ് ഡെന്റല്‍ കൗണ്‍സില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. 2014ലാണ് ഡെന്റല്‍ കോളജ് വണ്ടാനത്ത് പ്രവര്‍ത്തനമാരംഭിക്കുന്നത്.
വാടകക്കെട്ടിടത്തിലാണ് കഴിഞ്ഞ 10 വര്‍ഷമായി കോളജ് പ്രവര്‍ത്തിക്കുന്നത്. 50 സീറ്റുമായി പ്രവര്‍ത്തനം തുടങ്ങിയ കോളജ് നിലവില്‍ പാരാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ യാതൊരു അടിസ്ഥാന സൗകര്യവുമില്ലെന്നാണ് വിദ്യാര്‍ഥികളുടെ പരാതി.
ഈ ദുരിതത്തിനു പരിഹാരം കാണാനായാണ് കുറവന്തോട് ദേശീയ പാതയോട് ചേര്‍ന്ന് പുതിയ കെട്ടിട നിര്‍മാണം ആരംഭിച്ചത്. 2018ല്‍ കെട്ടിട നിര്‍മാണം തുടങ്ങിയെങ്കിലും പൂര്‍ത്തിയായിട്ടില്ല. 2021ല്‍ നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു കരാര്‍. എന്നാല്‍, പൂര്‍ത്തിയായ നിര്‍മാണത്തിന്റെ പകുതി തുകപോലും കരാറുകാര്‍ക്ക് നല്കാത്തതിനാല് നിര്‍മാണം നിലച്ചു. ഇവിടെ ഹോസ്റ്റല്‍ സൗകര്യവുമില്ല.
സ്വന്തമായി കെട്ടിടം പോലുമില്ലാത്ത സാഹചര്യത്തിലാണ് അംഗീകാരം റദ്ദാക്കിയത്. പ്രവേശനം നേടിയ വിദ്യാര്‍ഥികളെ മറ്റു കോളജിലേക്കു മാറ്റാനും കൗണ്‍സില്‍ നിര്‍ദേശിച്ചു. 2018, 2021 വര്‍ഷങ്ങളിലും കോളജിന്റെ അംഗീകാരം ഡെന്റല്‍ കൗണ്‍സില്‍ റദ്ദാക്കിയിരുന്നു. വൈകാതെ കെട്ടിടം പൂര്‍ത്തിയാക്കി കോളജ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാമെന്ന കോളജ് അധികാരികളുടെ ഉറപ്പിലാണ് അംഗീകാരം പുനഃസ്ഥാപിച്ചത്.
എന്നാല്‍, പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റാന്‍ കഴിയാതെ വന്നതോടെ അംഗീകാരം റദ്ദായി. ഇതില്‍ പ്രതിഷേധിച്ചാണ് ഹൗസ് സര്ജന്മാരും വിദ്യാര്‍ഥികളും ക്ലിനിക്കുകള്‍ ബഹിഷ്കരിച്ച് സമരം നടത്തിയത്. വണ്ടാനത്തെ ദന്തല്‍ കോളജ് വളപ്പില്‍നിന്ന് പ്രകടനമായെത്തിയ വിദ്യാര്‍ഥികള്‍ ദേശീയപാതയില്‍ പ്രതീകാത്മകമായി ക്ലാസ് നടത്തി. തുടര്‍ന്ന് പുതിയ കെട്ടിടത്തിലേക്ക് വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തി.