മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ലഭിച്ച സ്ഥലം കാടു കയറി നശിക്കുന്നു
1461498
Wednesday, October 16, 2024 6:02 AM IST
മാന്നാർ: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി ദുരിതാശ്വാസനിധിയിലേക്ക് ഒരു വ്യക്തി നൽകിയ ഭൂമി കാടുകയറി നശിക്കുന്നു. വസ്തു സർക്കാരിന് വിട്ടു നൽകിയിട്ട് ആറുവർഷമായിട്ടും ഇതുവരെ ഒന്നും ചെയ്യാതെ സ്ഥലം കാടുകയറിക്കിടക്കുകയാണ്.
2018ലെ പ്രളയക്കെടുതിയിൽ ദുഃഖിക്കുന്നവർക്ക് സാന്ത്വനമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ ഭൂമിയാണ് കാടുകയറി നശിക്കുന്നത്. മാന്നാർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലാണ് 32 സെന്റ് ഭൂമി ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. കുട്ടംപേരൂർ ഒല്ലാലിൽ വീട്ടിൽ പരേതനായ റിട്ട. ആർമി ഉദ്യോഗസ്ഥൻ ചന്ദ്രശേഖരൻ നായരുടെയും ആനന്ദവല്ലി അമ്മയുടെയും ഇളയ മകനായ സി. അനിൽകുമാറാണ് തനിക്ക് കുടുംബത്തിൽനിന്നു കിട്ടിയ 32 സെന്റ് ഭൂമി 2018 ചെങ്ങന്നൂരിൽ നടന്ന ദുരിതാശ്വാസ നിധി ശേഖരണ ചടങ്ങിൽ അന്നത്തെ മന്ത്രിമാരായ ജി സുധാകരനും പി തിലോത്തമനും ഭൂമിയുടെ രേഖകൾ കൈമാറിയത്.
ഇന്നത്തെ മന്ത്രിയും അന്നത്തെ എംഎൽഎയും ആയിരുന്ന സജി ചെറിയാന്റെ അധ്യക്ഷതയിലായിരുന്നു ചടങ്ങുകൾ. എന്നാൽ, ഇത്തരത്തിൽ ഒരു സ്ഥലം ലഭിച്ച കാര്യം അധികൃതർ മറന്ന മട്ടിലാണ്. പൊതുസമൂഹത്തിന്റെ ഉന്നമനത്തിനായി വിനിയോഗിക്കണമെന്ന ആഗ്രഹത്തോടെ നൽകിയ ഭൂമിയാണ് കഴിഞ്ഞ ആറുവർഷമായി കാടുകയറി നശിക്കുന്നതെന്നും ഭൂമിയില്ലാത്ത ഭവന രഹിതർക്ക് നൽകുകയോ അതുമല്ലെങ്കിൽ ജനങ്ങൾക്ക് ഉപകാരപ്രദമായ മറ്റ് പദ്ധതികൾ കൊണ്ടുവരികയോ ചെയ്യണമെന്ന് പഞ്ചായത്തംഗം അജിത്ത് പഴവൂർ ആവശ്യപ്പെട്ടു.